കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (12:29 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മൊബൈലിലെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ കാണിച്ചതായി പൊലീസിന് സൂചന ലഭിച്ചു. സുനിയുടെ അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരു സുഹൃത്തിനേയുമാണ് ദൃശ്യങ്ങള്‍ കാണിച്ചതെന്നാണ്
പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ രണ്ടുപേരുടേയും രഹസ്യമൊഴിയെടുക്കുന്നതിനായി പൊലീസ് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സംഭവം നടന്ന ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്കാണ് സുനി പോയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ ഏറെ നേരം സുനി ചിലവഴിച്ചതായും പൊലീസ് പറഞ്ഞു. ഈ സമയത്താണ് നടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സുഹൃത്തുക്കളെ കാണിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, സുനി പകര്‍ത്തിയെന്ന് പറയുന്ന നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇരുവരുടേയും മൊഴി നിര്‍ണായകമാകുമെന്ന് പൊലീസ് കരുതുന്നത്. നേരത്തെ മൊബൈല്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മൊഴികളാണ് സുനി പോലീസിന് നല്‍കിയത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഓടയിലെറിഞ്ഞെന്നായിരുന്നു സുനി ആദ്യം അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഫോണ്‍ കായലില്‍ എറിഞ്ഞെന്നും സുനി മൊഴിമാറ്റി. ഈ കേസിലെ സുപ്രധാന തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍.