രേണുക വേണു|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (09:45 IST)
നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്നകോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്കി. കേസിന്റെ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് അതിജീവിത ഹര്‍ജിയില്‍ പറയുന്നു.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ഥ വശങ്ങള് പുറത്തുവരാന്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് നടി ഹര്‍ജി നല്‍കിയത്. ഇതുവരെയുള്ള വിസ്താരം അടച്ചിട്ട കോടതിമുറിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. തന്നെ അടക്കം കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് ഈ കുപ്രചരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സാക്ഷി വിസ്താരം കഴിഞ്ഞതാണ്. അതുകൊണ്ട് വിചാരണയുടെ വിവരങ്ങള്‍ പുറത്ത് പറയുന്നതില്‍ എതിര്‍പ്പില്ല. അന്തിമവാദം തുറന്ന കോടതിയില്‍ നടക്കുകയും അതിന്റെ വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താനൊരു അതിജീവിത ആണെന്നും അതിനാല്‍ ഈ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.