കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ജനങ്ങൾക്ക് ആശ്വസമായി പിണറായി സർക്കാർ

aparna shaji| Last Modified ബുധന്‍, 11 ജനുവരി 2017 (11:25 IST)
രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം കേരളത്തിലുണ്ടായ മരണങ്ങള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. നോട്ടുകള്‍ മാറാനായി ക്യൂ നില്‍ക്കവെ കുഴഞ്ഞുവീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കാനാണ് തീരുമാനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്.

ഇന്നലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം നോട്ടിനായി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണ് കേരളത്തില്‍ നാലുപേര്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍പ്പെട്ട് ഏറ്റവുമധികം പേര്‍ മരിച്ചത്. 32 പേരാണ് ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മരിച്ചവരുടെ എണ്ണം.

കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾക്ക് സാക്ഷിയായിരുന്നു സംസ്ഥാന സർക്കാർ. നോട്ട് നിരോധനത്തിനെതിരെ തുടക്കം മുതൽ സംസാരിച്ച സർക്കാരാണ് പിണറായി സർക്കാർ. ഈ നടപടിയിൽ പൊലിഞ്ഞ ജീവനുക‌ൾക്ക് സഹായധനം നൽകുന്ന സംസ്ഥാന സർക്കാരിന് പൂർണ പിന്തുണയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :