മോഡി പറഞ്ഞു; അബ്ദുള്ളക്കുട്ടി കേട്ടു, അനുസരിച്ചു!

അബ്ദുള്ളക്കുട്ടി എം‌എല്‍‌എ, ഗ്യാസ് സബ്സീഡി, മോഡി
കണ്ണൂര്‍| vishnu| Last Modified ഞായര്‍, 16 നവം‌ബര്‍ 2014 (14:17 IST)
സാമ്പത്തിക ശേഷിയുള്ളവര്‍ സബ്സിഡി ഉപേക്ഷിച്ചു രാജ്യത്തിന്റെ സമ്പദ് ഘടനയെ സഹായിക്കണമെന്ന എണ്ണക്കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ആഹ്വാനം മാനിച്ച് കോണ്‍ഗ്രസ് എം‌എല്‍‌എയായ എപി അബ്ദുള്ളക്കുട്ടി വീട്ടിലെ പാചക വാതക സിലിണ്ടറിനു സബ്സിഡി വേണ്ടെന്ന് വച്ചു.

അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഡോ. റോസിനയുടെ പേരിലാണു വീട്ടിലെ ഗ്യാസ് കണക്ഷന്‍. സബ്സിഡി ഒഴിവാക്കാന്‍ ഗ്യാസ് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോള്‍ ഒായില്‍ കമ്പനിക്ക് ഇ-മെയില്‍ അയക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയും ഭാര്യയും ചേര്‍ന്നു ഭാരത് പെട്രോളിയം ടെറിട്ടറി മാനേജര്‍ക്ക് ഇ-മെയില്‍ അയക്കുകയായിരുന്നു.

എംഎല്‍എ എന്ന നിലയില്‍ തന്റെയും, ഡോക്്ടറായ ഭാര്യയുടെയും വരുമാനം വച്ചു നോക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറൊന്നിന് 500 രൂപ അധികം നല്‍കേണ്ടി വരുന്നതു കാര്യമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നില്ലെന്നും, ആ തുക തന്നേക്കാള്‍ അര്‍ഹനായ ഏതെങ്കിലും ഉപഭോക്താവിനു സബ്സിഡിയായി ലഭിക്കട്ടെയെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ നിലപാട്. സര്‍ക്കാരില്‍ നിന്നു സബ്സിഡി കിട്ടേണ്ടതു തന്നെപ്പോലുള്ളവര്‍ക്കല്ല, ചാണകം കത്തിച്ചും മറ്റും പാചകം ചെയ്യുന്ന കോടിക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ്-അബ്ദുല്ലക്കുട്ടി പറയുന്നു.

സാമ്പത്തിക ശേഷിയുള്ളവര്‍ സബ്സിഡി ത്യജിച്ചു മാതൃക കാട്ടണമെന്ന് എണ്ണക്കമ്പനികള്‍ മൂന്നു മാസം മുമ്പാണു പ്രചാരണം തുടങ്ങിയത്. രാജ്യത്തെ 15 കോടി ഗ്യാസ് ഉപഭോക്താക്കളില്‍ ഒരു കോടി പേരെയെങ്കിലും സബ്സിഡി ത്യജിക്കാന്‍ പ്രേരിപ്പിക്കാമെന്നാണു കമ്പനി കണക്കു കൂട്ടിയതെങ്കിലും മൂന്നു മാസം കൊണ്ട് ഒന്‍പതിനായിരത്തോളം
ആളുകള്‍ മാത്രമാണു സബ്സിഡി ഉപേക്ഷിക്കാന്‍ തയാറായത്.
അമ്പതിനായിരം കോടി രൂപയോളമാണു പ്രതിവര്‍ഷം സബ്സിഡി നല്‍കാന്‍ വേണ്ടി വരുന്നതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :