UDF-ല്‍ തുടരാന്‍ പറ്റാത്ത സാഹചര്യം: കൃഷ്ണന്‍ കുട്ടി

WEBDUNIA|
PRO
PRO
യുഡിഎഫില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സോഷ്യലിസ്റ് ജനതാ (ഡമോക്രാറ്റിക്) നേതാവ് കെ കൃഷ്ണന്‍കുട്ടി. കൃഷ്ണന്‍കുട്ടിയെ യുഡിഎഫില്‍ നിന്നു പുറത്താക്കണമെന്നു കെ അച്യുതന്‍ പ്രസ്താവന നടത്തിയതിനു തൊട്ടു പുറകെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫുമായി ഒത്തുപോകണമോ എന്ന കാര്യം സോഷ്യലിസ്റ്റ് ജനതയുടെ അടുത്ത സംസ്ഥാന സമിതിയില്‍ തീരുമാനിക്കും. എല്‍ഡിഎഫ് കാണിച്ചതിനേക്കാള്‍ വലിയ നെറികേടാണ് യുഡിഎഫ് കാണിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമോ എന്ന് ഉറപ്പില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

യുഡിഎഫ് നേതൃത്വവുമായി പല കാര്യങ്ങളിലും സോഷ്യലിസ്റ്റ് ജനതക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ചിറ്റൂരില്‍ നേരത്തെ സോഷ്യലിസ്റ്റ് ജനതയ്ക്ക് യുഡിഎഫ് നേതൃത്വം സീറ്റ് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ലെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.

വാക്കിനു സ്ഥിരതയില്ലാത്ത ആളാണു കെ. അച്യുതന്‍ എന്നും അച്യുതന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. പോളിങ് ശതമാനം കൂടിയത് യുഎഡിഎഫിന് അനുകൂലമെന്നു പറയാന്‍ കഴിയില്ല. സോഷ്യലിസ്റ് ജനതാ പാര്‍ട്ടിയിലെ കെ. കൃഷ്ണന്‍ കുട്ടി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.അച്യുതന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൃഷ്ണന്‍ കുട്ടി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ നെന്മാറ, പാലക്കാട്, മണ്ണാര്‍ക്കാട് എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സോഷ്യലിസ്റ് ജനതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. സോഷ്യലിസ്റ് ജനതാ പാര്‍ട്ടി നേതാവ് എം.പി. വീരേന്ദ്ര കുമാറിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :