ബസ് മാറിക്കയറി ഏഴ് വയസുകാരൻ, തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ പൊലീസും വീട്ടുകാരും; ഒടുവിൽ സംഭവിച്ചത്

എസ് ഹർഷ| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (09:29 IST)
അമ്മയ്ക്കും അനുജനുമൊപ്പം ബസ് കാത്തുനിന്ന ഏഴു വയസുകാരൻ ബസ് മാറിക്കയറിയതിനെ തുടർന്ന് പരിഭ്രാന്തിയിലായ വീട്ടുകാർക്ക് മണിക്കൂറുകൾക്ക് ശേഷം ആശ്വാസം. ഒരു മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ കിലോമീറ്ററുകൾക്കപ്പുറം കോന്നിയിൽനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി.

പത്തനാപുരം പട്ടണത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ രണ്ടുകുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു. ഇളയമകനെ ശ്രദ്ധിക്കുന്ന സമയം മൂത്ത മകൻ സ്റ്റോപിൽ എത്തിയ ബസിലേക്ക് കയറുകയായിരുന്നു. അമ്മയും ഒപ്പം കയറിയെന്ന ധാരണയിലാണ് കുട്ടി ബസിൽ കയറിയത്.

പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ ബസ് പുറപ്പെട്ടശേഷമാണ് കുട്ടി സമീപത്ത് ഇല്ലെന്ന കാര്യം അറിയുന്നത്. സംഭവം നാട്ടുകാരേയും പൊലീസിനേയും അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ഉയർന്നതോടെ തടിച്ചുകൂടിയവർ കുട്ടിയുടെ ചിത്രംസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോന്നിയിൽ വെച്ച് പൊലീസ് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :