അഭിറാം മനോഹർ|
Last Modified ഞായര്‍, 8 മാര്‍ച്ച് 2020 (11:14 IST)
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ചുപേർക്കാണ്
കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഫെബ്രുവരി 29ആം തീയ്യതി ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ ഇവർ വിമാനത്താവളത്തിൽ രോഗപരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ആരോഗ്യമന്ത്രാലയത്തിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവർ പാലിച്ചില്ല. അച്ചനും അമ്മയും കുട്ടിയും അടങ്ങിയ കുടുംബമാണ് ഇറ്റലിയിൽ നിന്നെത്തിയത്. ഇവർ സന്ദർശിച്ച ബന്ധുവീട്ടിലെ രണ്ട് പേർക്കും കൂടിയാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടും ഇവർ ആശുപത്രിയിലേക്ക് മാറാൻ തയ്യാറായിരുന്നില്ല. ഇവരെ നിർബന്ധിച്ചുകൊണ്ടാണ്
ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളം അതീവ ജാഗ്രതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. രോഗലക്ഷണങ്ങൾ കാണൂന്നവരൊ രോഗമുണ്ടെന്ന് സംശയിക്കുന്നവരൊ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി റിപ്പോർട്ട് ചെയ്യണമെന്നും. ഉത്തരവാദിത്തരഹിതമായ ഇത്തരം പ്രവർത്തികൾ സമൂഹത്തെ കൂടി കൂടുതൽ അപകടത്തിൽ ചാടിക്കുകയെ ഉള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശനമായി ആരോഗ്യവകുപ്പിൽ കർശനമായി റിപ്പോർട്ട് ചെയ്യണമെന്നും കുടുംബത്തിന്റേത് ഉത്തരവാദിത്തരഹിതമായ പ്രവർത്തിയാണെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ പ്രഥമ പരിഗണന രോഗികളുടെ ആരോഗ്യമാണെന്നും മന്ത്രി പറഞ്ഞു.കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ ആകെ സഹകരണത്തോടെ പ്രവർത്തിച്ചാൽ മാത്രമെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഫലപ്രദമാകൂ എന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിൽ തന്നെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു.പഴുതടച്ച രോഗ പ്രതിരോധ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്.രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19
സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.