സീറ്റ് ബെല്‍റ്റില്ലെങ്കില്‍ 5,000, ഹെല്‍‌മെറ്റിന് 2,500; പുതിയ നിയമം ഉടന്‍

കോഴിക്കോട്| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (10:39 IST)
കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 5,000 രൂപയും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 2,500 രൂപയും പിഴയൊടുക്കണം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 4,000 രൂപയാണ് പിഴ. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന 2014-ലെ റോഡ് ഗതാഗത സുരക്ഷാ ബില്ലിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.

അശ്രദ്ധ മൂലമുള്ള റോഡപകടങ്ങള്‍ ഒഴിവാക്കാനായി ബില്ലില്‍ നിയമലംഘനത്തിനുള്ള പിഴകള്‍ വന്‍തോതിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പിഴ 2,500 രൂപയാണ്, കൂടിയത് ഒരു ലക്ഷവും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലവില്‍വരുന്ന റോഡ് സുരക്ഷാ അതോറിറ്റികളാകും നിയമം നടപ്പാക്കുക. നിലവിലുള്ള നിയമത്തില്‍ നിന്ന് വ്യത്യസ്തമായി എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴയ്‌ക്കൊപ്പം പോയന്റുകള്‍ നല്‍കുന്ന സംവിധാനവും ഉണ്ട്. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് ഈ പോയിന്റുകള്‍ കൂട്ടി വലിയ പിഴയും ശിക്ഷയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബൈക്കില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ 10,000 രൂപയാണ് പിഴ. കാറാണെങ്കില്‍ 25,000 രൂപയും വലിയ വാഹനങ്ങള്‍ക്ക് 50,000 രൂപയും പിഴ ഒടുക്കണം. ഇന്‍ഷുര്‍ ചെയ്യാതെ വാഹനങ്ങള്‍ ഓടിച്ചാല്‍ ഇരു ചക്രവാഹനങ്ങള്‍ 10,000 രൂപ പിഴയടയ്ക്കണം. മുച്ചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും 25,000 രൂപയാണ് പിഴ. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊെബെല്‍ ഫോണില്‍ സംസാരിച്ചാല്‍ പിഴയുണ്ട്. ഇത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ വരെ ഈടാക്കുകയും ഒരുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. മത്സരിച്ച് ഓടിയാലും വാഹനം ഇരപ്പിച്ചും കുതിപ്പിച്ചും പോയാലും 10,000 രൂപ പിഴ അടയ്ക്കണം. ആവര്‍ത്തിച്ചാല്‍ 25,000 രൂപയാണ്. രണ്ടാഴ്ച തടവുശിക്ഷ വേറെയും.

അപകടകരമായി വാഹനങ്ങളെ മറികടന്നാല്‍ 5,000 രൂപ പിഴയൊടുക്കണം. ഇത്തരം വാഹനങ്ങളില്‍ കുട്ടികളുണ്ടെങ്കില്‍ പിഴ 15,000 രൂപയാണ്. ഗതാഗതമന്ത്രാലയം പൊതുജനാഭിപ്രായം തേടുന്നതിന് ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ഇതിനോട് പ്രതികരിച്ചത്. നിയമം നടപ്പിലായാല്‍ റോഡപകടങ്ങള്‍ വന്‍തോതില്‍ കുറയുമെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :