തിരുവനന്തപുരം|
rahul balan|
Last Modified ശനി, 5 മാര്‍ച്ച് 2016 (17:53 IST)
22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജെ എസ് എസ് നേതാവ് കെ ആര്
ഗൌരിയമ്മ എ കെ ജി സെന്ററിലെത്തി സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പുതിയ സന്ദര്‍ശനം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, എൽ ഡി എഫ് കൻവീനർ വൈക്കം വിശ്വൻ എന്നിവരുമായി ചര്‍ച്ച നടത്തിയ ഗൌരിയമ്മ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ടു. ചേർത്തല, അരൂർ, ഇരവിപുരം, വർക്കല, മൂവാറ്റുപുഴ എന്നീ സീറ്റുകളാണ് ഗൌരിയമ്മ ആവശ്യപ്പെട്ടത്.
വിഷയം ചർച്ച ചെയ്ത ശേഷം അറിയിക്കാം എന്ന മറുപടിയാണ് ഗൌരിയമ്മയ്ക്ക് ഇടത് നേതാക്കളില്‍ നിന്നും ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ഗൌരിയമ്മ തിരഞ്ഞെടുപ്പില്‍ ജെ എസ് എസ് എല്‍ ഡി എഫിന്റെ ഘടകകക്ഷിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ എല്‍ ഡി എഫില്‍ കടുംപിടുത്തത്തിനില്ലെന്നും പറഞ്ഞു.
മത്സരത്തിനിറങ്ങുകയാണെങ്കില്‍ ഗൌരിയമ്മ ആവശ്യപ്പെടുന്നത് അരൂര്‍ മണ്ഡലമായിരിക്കും.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം മത്സരിക്കാനില്ലെന്ന ഗൌരിയമ്മയുടെ തീരുമാനം ആശ്വാസകരമാണ്. ഈ ഒരു സാഹചര്യത്തില്‍ അരൂര്‍ ഒഴിച്ച് മറ്റേതെങ്കിലും ഒരു സീറ്റ് ജെ എസ് എസിന് നല്കി ജെ എസ് എസിനെ തല്ക്കാലം കൂടെ നിര്‍ത്താനായിരിക്കും ഇടതു പക്ഷം ശ്രമിക്കുക.
എല്‍ ഡി എഫുമായി ലയിക്കാന്‍ ഏകദേശ ധാരണയില്‍ എത്തിയിരുന്നുവെങ്കിലും നേതൃത്വത്തിലെ എതിര്‍പ്പുകളെ തുടര്‍ന്നാണ് പ്രവേശം വൈകിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തില്‍ സജീവമാകാനാണ് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ജെ എസ് എസിന്റെ ശ്രമം.