aparna|
Last Modified ശനി, 11 നവംബര്‍ 2017 (15:27 IST)
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോണ്‍ഗ്രസിനെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് സോളാര്‍ റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണങ്ങള് . വളരെ ഗൌരവമേറിയ ആരോപണങ്ങള്‍ നിലനില്‍ക്കേ അന്വേഷണ കമ്മീഷന്‍ റൂട്ട് മാറി സഞ്ചരിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
ഇപ്പോഴിതാ, നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കന്. സരിത എസ് നായരുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നടന്‍ മമ്മുട്ടിയാണെന്നും എന്തേ അക്കാര്യം അന്വേഷിച്ചില്ലെന്നും ജോസഫ് വാഴക്കന്‍ ചോദിക്കുന്നു.
മമ്മുട്ടി ഉദ്ഘാടനം ചെയ്ത കമ്പനിയില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കാതിരുന്നത് ഇരട്ട താപ്പാണെന്നും ജോസഫ് വാഴക്കന്‍ ആരോപിച്ചു. സര്‍ക്കാര്‍ പറഞ്ഞ ടേംസ് ഓഫ് റഫറന്‍സ് മറികടന്ന് നടത്തിയ അന്വേഷണം ആര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും ജോസഫ് ചോദിക്കുന്നു. സരിത നല്‍കിയ കത്തിലെ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി പുറത്ത് വന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാഴക്കന്‍ പറഞ്ഞു.