ശബരിമല തീര്‍ത്ഥാടനത്തിനു തടസമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

പമ്പ| WEBDUNIA| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2013 (13:08 IST)
PRO
തീര്‍ത്ഥാടനത്തിനും വികസനത്തിനും തടസങ്ങള്‍ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം പമ്പയില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തിലാണ്‌ മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതെങ്കിലും തീരുമാനം എടുക്കും മുമ്പ് തന്നെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുന്നു എന്നും മറ്റുമുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി ഇത് പറഞ്ഞത്.

ഓരോ വര്‍ഷവും സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും ഇക്കൊല്ലം ഇതുവരെയുള്ള ഒരുക്കങ്ങളില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടനം വിജയിപ്പിക്കാനായെന്നും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ചുമതലകള്‍ വഹിക്കണമെന്നും അടുത്തിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ മരിക്കാനിടയാക്കിയതു പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്ത് കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്‍റെയും 70 ലക്ഷം ലിറ്റര്‍ ശുദ്ധജലമെത്തിക്കാനുള്ള പുതിയ സമാന്തര പൈപ്പ് ലൈനിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രി വി എസ് ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :