ലോട്ടറി പരസ്യങ്ങള്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീകലാ ബേബി| Last Modified വെള്ളി, 27 ഓഗസ്റ്റ് 2010 (17:58 IST)
സംസ്ഥാനത്തെ മാധ്യമങ്ങള്‍ ലോട്ടറി പരസ്യങ്ങള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ധാര്‍മിക പത്രപ്രവര്‍ത്തനം - കാഴ്ചപ്പാടും പ്രയോഗവും എന്ന വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം‌.

അന്യസംസ്ഥാന ലോട്ടറികളുടെയും ചൂതാട്ട ലോട്ടറികളുടെയും പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ കൂടുതലായി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു‍. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്‌ പരസ്യങ്ങളാണ്‌. സാമ്പത്തിക ഉദാരവത്ക്കരണത്തെ മാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യങ്ങള്‍ വാര്‍ത്താ രീതിയില്‍ കൊടുത്ത്‌ കബളിപ്പിക്കുന്ന രീതിയും ഇവിടെയുണ്ട്. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുകയാണ്‌. രാഷ്ട്രീയവും ജൂഡീഷ്യറിയും ഉള്‍പ്പെടെയുള്ള മേഖലകളും ഇതില്‍ നിന്ന്‌ മുക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക്‌ മാത്രമായി അധ:പതനവും മൂല്യച്യുതിയും ഉണ്ടായെന്ന കാഴ്ചപ്പാട്‌ ശരിയല്ല. ആഗോളവത്ക്കരണം മാധ്യമങ്ങളുടെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :