വിവാദമായ എസ്എന്‍സി ലാവലിന്‍ കേസിലെ ഒമ്പതാം പ്രതിയായ ലാവ്ലിന് കമ്പനിക്ക് ക്വീണ്ടും സമന്‍സ് അയച്ചു. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് സമന്‍സ് അയച്ചത്. ഇത് അഞ്ചാം തവണയാണ് ലാവ്ലിന് കമ്പനിക്ക് കോടതി സമന്‍സ് അയയ്ക്കുന്നത്.
കമ്പനിയുടെ കാനഡയിലെ ഓഫീസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തെ കമ്പനിയുടെ ഡല്‍ഹിയിലെ ഓഫീസിലേക്ക് അയച്ച സമന്‍സ് ലാവ്ലിന് കൈപ്പറ്റിയിരുന്നില്ല. ഈ വിലാസത്തിലേക്ക് അയച്ച സമന്‍സ് വിലാസത്തിലുള്ള ഓഫീസ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മടങ്ങുകയായിരുന്നു. എന്നാല്‍, ഈ വിലാസത്തില്‍ ലാവ്ലിന് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കമ്പനിയുടെ ആസ്ഥാനമായ കാനഡയിലെ ഓഫീസ് വിലാസത്തിലേക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ഇത്തവണ ഇന്റര്‍പോള്‍ വഴി ബന്ധപ്പെട്ട് കാനഡയിലെ ലാവ്ലിന് ഓഫീസില്‍ സമന്‍സ് എത്തിക്കാനാണ് ശ്രമം.