കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്‍റെ പുനപ്രവേശം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കെ പി സി സിക്കു അധികാരമില്ലെന്ന് കെ കരുണാകരന്‍റെ അഭിപ്രായം ശരിയല്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണകരന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കെ പി സി സി നിര്‍വ്വാഹകസമിതി യോഗം ചേര്‍ന്നത്. മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യം ലീഡര്‍ ഓപ്പണ്‍ ചെയ്തെങ്കിലും കെ പി സി സി ക്ലോസ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കഴിയുമോ എന്ന കാര്യം സംശയകരമാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു ജില്ലാ കളക്ടറെ മാറ്റാന്‍ സാധിക്കാത്തപ്പോള്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പറഞ്ഞാന്‍ വിശ്വസിക്കാനാകില്ല.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി കസേര ഒഴിയാന്‍ വി എസ് തയ്യാറാകണം. മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ സി പി എം ഒത്താശയോടെയാണ് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകള്‍ ഒഴിഞ്ഞു കൊടുത്താണ് സി പി എമ്മും സി പി ഐയും വഴി കാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.