ഓണത്തിന് പൂക്കളം ഒരുക്കാന്‍ മലയാളി സ്വന്തം തൊടികളെയും പറമ്പുകളെയും ആശ്രയിച്ചിരുന്ന കാലം മാറി. ഇന്ന് വരവ് പൂക്കളാണ് മലയാളിയുടെ പൂക്കളങ്ങളില്‍ നിറയുന്നത്.
കര്‍ണ്ണാടകത്തിലെ ഉദുമല്പേട്ട്, തമിഴ്നാട്ടിലെ മേട്ടുപ്പാളയം, സത്യമംഗലം, തോവാള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഓണത്തിന് പൂക്കള്‍ എത്തുന്നത്. ഇക്കുറി ഓണം അടുത്തെത്തും മുമ്പേ തന്നെ പൂവുകള്‍ക്ക് വില കൂടി.
മലബാര്‍ പ്രദേശത്ത് കര്‍ണ്ണാടകത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമാണ് പ്രധാനമായും പൂക്കള്‍ എത്തുന്നത്. ഇപ്പോള്‍ തന്നെ പൂവ് വാങ്ങാന്‍ പറ്റാത്ത വിലയായി കഴിഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മുല്ല, ജമന്തി തുടങ്ങിയവയ്ക്കും അലങ്കാര പൂവുകള്‍ക്കും വില കൂടാന്‍ മറ്റൊരു കാരണം ചിങ്ങം കല്യാണക്കാലമായതാണ്.
ഇപ്പോള്‍ തന്നെ മുല്ലപ്പൂവിന് കിലോയ്ക്ക് 200 രൂപയാണ് വില. ഇത് ഓണത്തിന് 500 ഓ 600 ആയി മാറിയേക്കാം. വെള്ള ജമന്തിക്ക് 100 - 120 രൂപയാണ് വില. ഇത് 250 - 300 രൂപ വരെ ഉയര്‍ന്നേക്കും.
വാടാമല്ലിക്ക് കോയമ്പത്തൂരില്‍ 60 രൂപയാണ് കിലോയ്ക്ക് വില. കൊങ്ങിണി (ചെണ്ട്മല്ലി) പൂവിന് ഇപ്പോള്‍ തന്നെ വില ഇരട്ടിയായി. 40 രൂപ വിലയുള്ള ചെണ്ട് മല്ലി ഓണത്തിന് 60 ഓ 80 രൂപയ്ക്ക് കിട്ടിയാല്‍ ഭാഗ്യം.
പിന്നെ ഏക ആശ്വാസം ഉത്രാടത്തിന്റെ തലേന്ന് മുതല്‍ കര്‍ണ്ണാടകത്തില്‍ നിന്നും പൊള്ളാച്ചിയില്‍ നിന്നും മറ്റും എത്തുന്ന സാദാ കച്ചവടക്കാരാണ്.