യു ഡി എഫില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന നെല്ലിയാമ്പതി പ്രശ്നത്തില്‍ ധനമന്ത്രി കെ എം മാണി ഇടപെടുന്നു. എം എം ഹസന്‍ നെല്ലിയാമ്പതി സമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്തു കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം ചേരുമെന്നു കെ എം മാണി അറിയിച്ചു.
പഠനം പൂര്‍ത്തിയാക്കിയ സമിതി റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നു. നെല്ലിയാമ്പതി പ്രശ്നത്തിന് അനുബന്ധമായി പല കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കര്‍ഷക താല്‍പര്യം സംരക്ഷിക്കുന്നതിനു സത്വര നടപടി വേണമെന്നു മാണി ആവശ്യപ്പെട്ടു.
നെല്ലിയാമ്പതി വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എയെ പി സി ജോര്‍ജ് ജാതീയമായി അധിക്ഷേപിച്ചതോടെയാണ് നെല്ലിയാമ്പതി പ്രശ്നം യു ഡി എഫില്‍ പൊട്ടിത്തെറി ഉണ്ടാക്കിയത്. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ പി സി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഇവര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു.
യു ഡി എഫ് എം എല്‍ എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം ഉപസമിതിയെ അപഹസിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ഹസന്‍ ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്.
നെല്ലിയാമ്പതി വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇതുവരെ പരസ്യനിലാപാട് എടുക്കാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന യോഗം നിര്‍ണായകാമായിരിക്കും. പി സി ജോര്‍ജിന്റെ പ്രസ്താവനയോട് കേരളാ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.