തൃശൂർ|
AISWARYA|
Last Modified ഞായര്‍, 9 ജൂലൈ 2017 (11:28 IST)
വടക്കാഞ്ചേരിയില്‍ ആട് മനുഷ്യനിറങ്ങിയതായി നവ മാധ്യമങ്ങളില്‍ സന്ദേശം പരക്കുന്നത് ജനങ്ങളേ ഭീതിയിലാഴ്ത്തുന്നു. ആടിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള 'ഗോട്ട്മാൻ' എന്ന ജീവിയെ വടക്കാഞ്ചേരിയിൽ കണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള ഓഡിയോ സന്ദേശവുമാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്.
വടക്കാഞ്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഷാഹുൽ ഹമീദ് എന്ന ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഓഡിയോ സന്ദേശം ആരംഭിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വടക്കാഞ്ചേരി മേഖലയിലെ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ഷാഹുൽ ഹമീദ് എന്ന പേരിലുള്ള ജീവനക്കാരില്ലെന്നും, വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് സ്റ്റേഷനില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് വടക്കാഞ്ചേരിയിൽ ആട് മനുഷ്യനെ കണ്ടെന്ന വ്യാജ സന്ദേശം വാട്സാപ്പുകളിൽ പ്രചരിക്കാൻ തുടങ്ങിയത്. ആട് മനുഷ്യന്റെ ചിത്രവും, ഫോറസ്റ്റ് ഉദ്യോഗസ്ഥനെന്ന് പറയുന്ന ഷാഹുൽ ഹമീദ് എന്നയാളുടെ ഓഡിയോ ക്ലിപ്പും അടങ്ങുന്നതായിരുന്നു സന്ദേശം. വാഴാനി വനത്തിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഈ ജീവി അപകടകാരിയാണെന്നും മനുഷ്യരെയും മൃഗങ്ങളേയും ആക്രമിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
വാട്സാപ്പ് സന്ദേശം കണ്ട് പരിഭ്രാന്തരായ പലരും വനംവകുപ്പിൽ വിളിച്ച് അന്വേഷിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നത്. വാഴാനി വനത്തിൽ ഇങ്ങനെയൊരു ജീവിയില്ലെന്നും, ജനങ്ങൾ ഭയക്കേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അറിയിച്ചു. വ്യാജ സന്ദേശവും ചിത്രങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആ സന്ദേശത്തിന്റെ ഉടമയേ കണ്ടെത്താൻ സൈബർ സെല്ലിനെ സമീപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.