മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രത്തിലെ തിരുശേഷിപ്പ് കവര്‍ച്ചാസംഭവത്തിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി. തളിക്കുളം സ്വദേശി അഭിലാഷ് (30) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിലെ മുഖ്യപ്രതിയായ കാര്‍ത്തികേയന്റെ സഹോദരീപുത്രനാണ് അഭിലാഷ്. മാപ്രാണം തിരുശേഷിപ്പ് കവര്‍ച്ച കൂടാതെ രണ്‌ടു ക്ഷേത്രക്കവര്‍ച്ചകളും പ്രതി സമ്മതിച്ചതായി സൂചനയുണ്‌ട്.
എന്നാല്‍, തിരുശേഷിപ്പ് എവിടെയാണെന്നു കണ്ടെത്താന്‍ ഇതുവരെയും പോലീസിനു സാധിച്ചിട്ടില്ല. കാര്‍ത്തികേയനെ പിടികൂടിയാല്‍ മാത്രമേ തിരുശേഷിപ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്നറിയുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കാര്‍ത്തികേയനെ രക്ഷപ്പെടാന്‍ സഹായിക്കുന്നത് അഭിലാഷാണെന്ന് തെളിഞ്ഞത്. തമിഴ്‌നാട്ടിലെ കുംഭകോണത്തേക്കാണ് കാര്‍ത്തികേയന്‍ അരുളിക്കയുമായി പോയതെന്ന് അഭിലാഷ് പോലിസിനെ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 30നു പുലര്‍ച്ചെയാണ് മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രത്തില്‍നിന്നു തിരുശേഷിപ്പുകള്‍ മോഷണം പോയത്. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ മൂന്നിനു രണ്‌ടു തിരുശേഷിപ്പുകളുടെ സ്റ്റാന്‍ഡുകളും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന പേടകത്തിനുള്ളിലെ കുരിശും സെമിത്തേരിക്കു സമീപമുള്ള പറമ്പിലെ ജാതിമരത്തിനടിയില്‍നിന്നും കണ്ടെത്തിയിരുന്നു.
ഇരിങ്ങാലക്കുട എഎസ്‌പി വിമലാദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനായിരുന്നു കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിലെ പ്രധാന പ്രതിയായ കാര്‍ത്തികേയന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിരുന്നു.
അടുത്ത പേജില്‍ വായിക്കുക “തിരുശേഷിപ്പ് സ്വര്‍ണമാണെന്ന് കരുതി!”
ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട്: ഇരിഞ്ഞാലക്കുട ഡോട്ട് കോം