ടൂറിസം മേഖലയില്‍ മാന്ദ്യം: കോടിയേരി

WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (09:29 IST)
തിരുവനന്തപുരം: ആഗോള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഭീകരാക്രമണങ്ങളും ടൂറിസം മേഖലയില്‍ നഷ്ടങ്ങളുണ്ടാക്കി. ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

മുംബൈയില്‍ കഴിഞ്ഞ നവംബറിലുണ്ടായ ഭീകരാക്രമണം ടൂറിസം രംഗത്തെ ഗുരുതരമായി ബാധിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ തന്നെ ആയിരത്തോളം ബുക്കിംഗാണ് റദ്ദാക്കിയത് - മന്ത്രി അറിയിച്ചു. ഹോട്ടല്‍ താജിലും ട്രൈഡന്‍റിലും ഭീകരാക്രമണമുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തെ വന്‍‌കിട ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും സുരക്ഷിതമെല്ലെന്ന ഭീതി വ്യാപകമായിരുന്നു.

സംസ്‌ഥാനത്ത് ഹോട്ടലുകളില്‍ താമസിക്കാനെത്തുന്ന വിദേശികളുടെ വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതിനായി വെബ്‌സൈറ്റ്‌ സംവിധാനവും ഉപയോഗിക്കാം.

ടൂറിസം മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആറ്‌ അവാര്‍ഡുകള്‍ അടുത്തകാലത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ മൂന്നാം സ്‌ഥാനം കേരളത്തിനാണെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :