കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടി പിടിയിലായ കൊലക്കേസ് പ്രതി റിപ്പര്‍ ജയാനന്ദനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രെല്‍ ജയിലിലേക്ക് മാറ്റി. ഒരിക്കല്‍ തടവു ചാടിയ ജയിലില്‍ തുടര്‍ന്നും പാര്‍പ്പിക്കരുതെന്ന ചട്ടപ്രകാരമാണു കണ്ണൂരില്‍ നിന്ന് മാറ്റിയത്.
നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയാനന്ദന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഏഴു കൊലപാതകക്കേസുകളില്‍ പ്രതിയായ മാള സ്വദേശി ജയാനന്ദനും മറ്റൊരു കുപ്രസിദ്ധ കുറ്റവാളി കാസര്‍കോട് സ്വദേശി റിയാസും തിങ്കളാഴ്ച പുലര്‍ച്ചെയാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നു മതില് ചാടി രക്ഷപ്പെട്ടത്.
ഊട്ടിയിലേക്ക് പോയ ജയാനന്ദനെ പൊലീസ് പിന്തുടര്ന്നു ബുധനാഴ്ച രാവിലെ തന്നെ പിടി കൂടിയിരുന്നു. ജയാനന്ദനൊപ്പം തടവു ചാടിയ മറ്റൊരു തടവുപുള്ളി റിയാസിനെ ഇന്നലെ വൈകുന്നേരം പിടികൂടിയിരുന്നു. ഇന്നലെ രാവിലെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ജയാനന്ദനെ ജൂലൈ ഒന്നു വരെ കണ്ണൂര്‍ സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.