കൊച്ചി|
ഗായത്രി ശര്‍മ്മ|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2010 (15:52 IST)
അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസിനു ജാമ്യം അനുവദിച്ച ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂവാറ്റുപുഴ ഇലാഹിയ കോളജ് അധ്യാപകനായ അനസ് കേസിലെ 47ാം പ്രതിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലുവ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വഞ്ചിനാട് വാര്‍ഡില്‍ അനസ് വിജയിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ അനുവാദത്തോടെ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ അനസിനെതിരെ ഗൂഢാലോചന അടക്കമുള്ള ഗൗരവമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ഷേര്‍സി ജാമ്യം അനുവദിച്ചത്.
അതേസമയം പ്രതികളായ കാലടി നിയാസ്, ചൊവ്വര ജമാല്‍, വെങ്ങോല ഷംസുദ്ദീന്‍, കടവൂര്‍ റഷീദ്, പോത്താനിക്കാട് മാഹിന്‍കുട്ടി, എരമല്ലൂര്‍ കെ കെ അലി, കോതമംഗലം ഷോബിന്‍ എന്നിവരുടെ ഹര്‍ജി ഹൈക്കൊടതി തള്ളിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.