aparna|
Last Modified തിങ്കള്‍, 24 ജൂലൈ 2017 (09:39 IST)
മൂന്നാറിലെ വലിയ കോളിളക്കത്തിന് ശേഷം എംപ്ലോയ്മെന്റിലേക്ക് സ്ഥാനമാറ്റം ലഭിച്ച ശ്രീരാം വെങ്കിട്ടരാമന്‍ തന്റെ ജോലിയില്‍ ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്. ദേവികുളം സബ്ബ്കളക്ടര്‍ എന്ന നിലക്ക് തനിക്ക് സന്തോഷകരമായ ദിനങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ശ്രീറാം പറയുന്നു. മൂന്നാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ ജോലിയില്‍ നിന്നും മാറ്റുകയായിരുന്നുവെന്ന ചോദ്യം പ്രസക്തി ഇല്ലെന്നും അദ്ദേഹം പറയുന്നു.
റവന്യൂ വകുപ്പിനെ കുറിച്ചും നിയമങ്ങളെ കുറിച്ചും പഠിക്കാന്‍ സാധിച്ചുവെന്നും മറയില്ലാതെ ജനങ്ങളോട് പെരുമാറാന്‍ സാധിച്ചെന്നും ശ്രീറാം പറഞ്ഞു. മൂന്നാര്‍ വിഷയം ലൈഫില്‍ പിന്തുടരുമോ എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല, തന്നെ അത് പിന്തുടരുകയില്ലെന്നും ശ്രീറാം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീറാം.
കഴിഞ്ഞ 10 വര്‍ഷമായി താന്‍ പത്രം വായിക്കാറില്ലെന്നും ചാനല്‍ ഇടക്ക് കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. പത്രങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറയുന്നു. ടിവിയില്‍ നിന്നാണെങ്കില്‍ എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത് എന്നാണ് ശ്രീറാം പറഞ്ഞത്.
താനൊരു നല്ല മമ്മൂട്ടി ഫാനാണെന്ന് ശ്രീറാം പറഞ്ഞു. തേവള്ളിപ്പറമ്പില്‍ ജോസഫ് എന്ന കഥാപാത്രത്തെ തനിക്ക് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു. തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് ശ്രീറാം ഇങ്ങനെ പ്രതികരിച്ചത്. വാര്‍ത്തകളില്‍ വൈറലായ ആ ബൈക്ക് തന്റേതാണെന്നും ശ്രീറാം പറയുന്നു. ഒരുപാട് യാത്രകള്‍ ഒന്നും പോകാറില്ലെങ്കിലും ലഡാക് യാത്ര മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.