ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷാഫമല്‍ പ്രഖ്യാപിച്ചപ്പോള്‍ 4,08,226 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 90.72 ആണ് ഇത്തവണത്തെ വിജയശതമാനം. വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് പരീക്ഷാഫലം രാവിലെ പതിനൊന്നരയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തൊട്ടുമുമ്പത്തെ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ പരീക്ഷാഫലം കുറവാണ്. കഴിഞ്ഞ വര്‍ഷം 91.10 ശതമാനമായിരുന്നു വിജയം. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൊണ്ണൂറ് ശതമാനത്തിനൊപ്പം ഫലം നിലനിര്‍ത്താന്‍ കഴിയുന്നത് നല്ല കാര്യമായി കാണുന്നെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചടങ്ങിന് മുന്നോടിയായി എസ് എസ് എല്‍ സി പൂര്‍ണഫലമടങ്ങിയ സി ഡി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രിക്ക് നല്കി പ്രകാശനം ചെയ്തു. സേ പരീക്ഷ മേയ് 17ന് ആണ്.
വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. 96.88%. 83.04 % വിജയം നേടിയ പാലക്കാട് ജില്ലയാണ് വിജയ ശതമാനത്തില്‍ ഏറ്റവും പിന്നില്‍. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ 5,182 പേര്‍ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ 17, 515 പേര്‍ എ ഗ്രേഡ് നേടി. സംസ്ഥാനത്തെ 568 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു.