തിരുവനന്തപുരം|
സജിത്ത്|
Last Updated:
ബുധന്‍, 22 ജൂണ്‍ 2016 (18:15 IST)
അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചത് നല്ലതെന്ന് കായികമന്ത്രി ഇപി ജയരാജന്‍. ഭരണസമിതിയടക്കം രാജി വെച്ചത് വളരെ നല്ല കാര്യമാണെന്നും അഞ്ജുവിനോട് രാജി വെക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കായികമന്ത്രി വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അഴിമതികള്‍ പുറത്തുവന്നപ്പോള്‍ നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അഞ്ജു രാജിവെച്ചത്. അഞ്ജു എന്ന കായികപ്രതിഭയെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖപ്രസംഗം എഴുതുന്ന സ്ഥിതിവരെ ഉണ്ടായി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ കായികതാരങ്ങളും മുന്‍കാല ഭാരവാഹികളും കായികമന്ത്രി എന്ന നിലയില്‍ എന്നെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന് അന്വേഷിക്കാമായിരുന്നു. യുഡിഎഫ് ഭരണകാലത്തു നടന്ന അഴിമതിയെ സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണ ആവശ്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു. കായിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ കായികപ്രേമികള്‍ തള്ളിക്കളയണമെന്നും ജയരാജന്‍ പറഞ്ഞു.