അഭയകേസ് കേരള ഘടകത്തിന് കൈമാറി

ന്യൂഡല്‍ഹി| M. RAJU|
സിസ്റ്റര്‍ അഭയകേസ്‌ അന്വേഷണം സി.ബി.ഐയുടെ കേരളാ ഘടകത്തിന്‌ കൈമാറി. കേസ്‌ കൈമാറിക്കൊണ്ടുള്ള ഉത്തരവ്‌ സി.ബി.ഐ ഡല്‍ഹി ആസ്ഥാനത്തു നിന്ന്‌ പുറപ്പെടുവിച്ചു.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് 14 വര്‍ഷത്തിന് ശേഷം അഭയകേസ് അന്വേഷണം വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. അന്വേഷണം ഡല്‍ഹി യൂണിറ്റില്‍ നിന്നും എത്രയും വേഗം ഏറ്റെടുക്കാനാണ് സി.ബി.ഐ ഡയറക്ടര്‍ അശ്വിനികുമാര്‍ സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്‌.പി നന്ദകുമാറായിരിക്കും കേസ്‌ അന്വേഷിക്കുക. ചെന്നൈ യൂണിറ്റിലെ ഡി.ഐ.ജി. കന്തസ്വാമിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. 1993 മാര്‍ച്ച് 23 മുതലാണ് കൊച്ചി യൂണിറ്റ് അഭയ കേസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ കേസന്വേഷണം അന്നത്തെ എസ്.പി ത്യാഗരാജന്‍ അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വര്‍ഗീസ് തോമസ് ആരോപിച്ചിരുന്നു.

പിന്നീട് 1994ലാണ് കേസന്വേഷണം ഡല്‍ഹി യൂണിറ്റിലെത്തുന്നത്. മൂന്നു തവണ അഭയ കൊല്ലപ്പെട്ടതാണെന്ന് കാണിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസന്വേഷണത്തിന് മേല്‍‌നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ജസ്റ്റിസ് രാംകുമാറാണ് കേസന്വേഷണം കേരള ഘടകത്തിന് കൈമാറാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവ് സി.ബി.ഐ പാലിക്കാത്തതിനെ തുടര്‍ന്ന് ജസ്റ്റിസ് ആര്‍.ബസന്താണ് പത്ത് ദിവസത്തിനുള്ളില്‍ കേസന്വേഷണം കേരള ഘടകത്തെ ഏല്‍പ്പിക്കാന്‍ സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :