1987ലെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം രണ്ടാം തവണ സഭയിലെത്തുന്നത് മന്ത്രിപദമേറാന്‍. ജനതാദന്‍ (എസ്)ന്റെ സംസ്ഥാന സമിതിയംഗമായ അഡ്വ. മാത്യു ടി.തോമസ് (45) ആണ് പുതുമകളോടെ മന്ത്രിപദമേറുന്നത്. വി.എസ്. മന്ത്രിസഭയിലെ ഏറ്റവും അപ്രതീക്ഷിതമായ മന്ത്രിപദ സൗഭാഗ്യം ലഭിച്ചത് മാത്യു ടി.തോമസിനാണ് എന്നതില്‍ രണ്ട് പക്ഷമില്ല.
സഭയില്‍ അഞ്ച് എം.എല്‍.എമാരുള്ള ജനതാദള്‍ (എസ്) ല്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ മകനും കല്പറ്റ നിയമസഭാംഗവുമായ എം.വി.ശ്രേയാംസ്കുമാറും, കെ.പി. മോഹനനും തമ്മില്‍ മന്ത്രിസ്ഥാനത്തിനായി തമ്മിലടിച്ചപ്പോള്‍ മന്ത്രി സ്ഥാനം മാത്യു ടി.തോമസ് എന്ന പൊതുസമ്മതനില്‍ എത്തുകയായിരുന്നു.
എല്‍.ഡി.എഫ് പത്തനംതിട്ട ജില്ലാ കണ്‍വീനറായ തോമസ് മാര്‍ത്തോമാ സഭാ കൗണ്‍സിലിലും അംഗമാണ്. 77ല്‍ വിദ്യാര്‍ത്ഥി ജനതയില്‍ അംഗമായി. പിന്നീട് വിദ്യാര്‍ത്ഥി ജനതയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, കൊച്ചി സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുള്ള മാത്യു ടി.തോമസ് തിരുവല്ല കുറ്റപ്പുഴ തുന്പുംപാട്ട് റവ.ടി.തോമസിന്റെയും റിട്ട.അധ്യാപിക അന്നമ്മ തോമസിന്റെയും മകനാണ്. തിരുവല്ല ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രിപദവി തോമസിനെ തേടിയെത്തുന്നത്.