കോടിയേരി - മന്ത്രിസഭയിലെ രണ്ടാമന്‍

WEBDUNIA|

കണ്ണൂരിന്റെ വിപ്ലവ വഴികളിലൂടെ സി.പി.എമ്മിന്റെ നേതൃ പദവികളിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ (53) മന്ത്രിസ്ഥാന ലബ്ധിക്ക്‌ പിന്നാലെ ആഭ്യന്തര വകുപ്പ്‌ കൈയ്യാളുമെന്ന വാര്‍ത്തകളിലൂടെയാണ്‌ സജീവ ശ്രദ്ധ നേടുന്നത്‌. ആഭ്യന്തരത്തിനൊപ്പം വിജിലന്‍സും ടൂറിസവും വഹിക്കുന്ന കോടിയേരി മന്ത്രിസഭയിലെ രണ്ടാമനായാണ്‌ കണക്കാക്കപ്പെടുന്നത്‌.

കര്‍ക്കശ നിലപാടുകാരനായ വി.എസില്‍ നിന്നും ആഭ്യന്തരം അടര്‍ത്തി മാറ്റി അത്‌ എ.കെ.ജി സെന്ററിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താ൹ള്ള നീക്കമായാണ്‌ കോടിയേരിയുടെ ആഭ്യന്തരസ്ഥാന ലബ്ധി. വിമര്‍ശിക്കപ്പെടുന്നതെങ്കിലും മികച്ച സംഘാടക൹ം നേതൃപാടവുമുള്ള കോടിയേരിയുടെ കൈയ്യില്‍ ആഭ്യന്തര വകുപ്പ്‌ സജീവത കൈയാളുമെന്നാണ്‌ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌.

കല്ലറ തലായി എല്‍.പി.സ്കൂള്‍ റിട്ട. അധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായ കോടിയേരി മാഹി എം.ജി. കോളജില്‍ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ഡിഗ്രിയും നേടി. തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ഇത്‌ നാലാം തവണയാണ്‌ കോടിയേരി നിയമസഭയിലെത്തുന്നത്‌.

1982 ല്‍ ഡി.വൈ.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരിക്കെയാണ്‌ കോടിയേരി ആദ്യമായി നിയമസഭയിലെത്തുന്നത്‌. 87ലും 2001ലും എം.എല്‍.എയായ കോടിയേരി ഇക്കുറി കോണ്‍ഗ്രസിന്റെ പ്രബലനായ രാജ്‌മോഹന്‍ ഉണ്ണിത്താനെ തോല്‍പ്പിച്ചാണ്‌ സഭയിലെത്തുന്നത്‌.

എസ്‌.എഫ്‌.ഐയെ കരുത്തുറ്റ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച കോടിയേരി അടിയന്തരാവസ്ഥയില്‍ എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ 16 മാസം മിസ തടവുകാരനായി. ആറു വര്‍ഷം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 94ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും പിന്നീട്‌ കേന്ദ്ര കമ്മിറ്റിയിലുമെത്തി.

തിരുവനന്തപുരം ഓഡിയോ റിപ്പോഗ്രാഫിക്‌ സെന്റര്‍ ജീവനക്കാരിയും തലശ്ശേരി മുന്‍ എം.എല്‍.എ പരേതനായ എം.വി.രാജഗോപാലിന്റെ മകളുമായ എസ്‌.ആര്‍.വിനോദിനിയാണ്‌ ഭാര്യ. ദുബായ്‌ ഇമാറില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ ബിനോയ്‌, ചലച്ചിത്ര നടന്‍ ബിനീഷ്‌ എന്നിവരാണ്‌ മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :