സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഓണ്‍ലൈന്‍

ലണ്ടന്‍| WEBDUNIA| Last Modified ശനി, 9 ജനുവരി 2010 (11:27 IST)
സാങ്കേതിക ലോകം ഏറെ മുന്നേറിയിരിക്കുന്നു, ഒപ്പം ഇന്റര്‍നെറ്റ് ലോകവും കുതിച്ചുയരുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ കൂ‍ടി സജീവമായതോടെ ജനജീവിത ചലനങ്ങള്‍ നെറ്റിന്റെ ഭാഗമായി തീര്‍ന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് അംഗങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും വെബ് പേജുകളില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങിയതോടെ ആര്‍ക്കും ആരുടെയും സ്വകാര്യ വിവരങ്ങള്‍ പോലും അറിയാമെന്ന അവസ്ഥയായി. ഇതോടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യതയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഒരോ വ്യക്തിക്കും അവകാശമുണ്ടെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് ഇതൊന്നും നിലനില്‍ക്കുന്നില്ലെന്നതാണ് വസ്തുത. നെറ്റ് ഉപയോഗിക്കുന്ന ഒരോ വ്യക്തികളും തങ്ങളുടെ സന്ദേശങ്ങള്‍ നെറ്റില്‍ കുറിച്ചുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് നെറ്റ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. വീട്, ജോലി സംബന്ധമായ വിവരങ്ങളൊക്കെ മറ്റു ചില കുറ്റകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നും സൂചന നല്‍കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വരവോടെയാണ് വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ സന്ദേശങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ കൊള്ളകള്‍ വരെ നടന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അവധി ദിനങ്ങളില്‍ വിനോദസഞ്ചാരത്തിന് പോകുന്നുവെന്ന സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നതിനോടൊപ്പം വിവരം ഓണ്‍ലൈന്‍ കള്ളന്മാരും കൈവശപ്പെടുത്തിയേക്കാം. സോഷ്യല്‍ മീഡിയകളില്‍ നിങ്ങളുടെ സുഹൃത്തുക്കളായി വരുന്നവരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ഓണ്‍ലൈന്‍ സുഹൃത്തുക്കളാണെന്ന് കരുതി വിലപ്പെട്ട വ്യക്തി വിവരങ്ങള്‍ കൈമാറുന്നത് സൂക്ഷിച്ച് വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അനാവശ്യമായി നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ, ഫോട്ടോ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും സൈബര്‍ ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തി വ്യക്തികള്‍ക്ക് മാനനഷ്ടം നേരിട്ടേക്കാം. എന്തായാലും, നെറ്റില്‍ വിലപ്പെട്ട വിവരങ്ങള്‍ കുറിച്ചുവെയ്ക്കുന്നത് ഏറെ ശ്രദ്ധിക്കണം. അനാവശ്യമായ സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :