ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആക്രമണം തുടരുകയാണ്. ഐടി മേഖലയില്‍ കഴിഞ്ഞ വര്‍ഷം വരെ മികച്ച മുന്നേറ്റം നടത്തിയ മൊബൈല്‍ വിപണിയും തകര്‍ച്ചയിലാണ്. മുന്‍നിര മൊബൈല്‍ കമ്പനികളൊക്കെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്ന ചിന്തയിലാണ്. വിപണിയില്‍ പിടിച്ചു നില്‍ക്കാനായി പല പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം കൈവരിച്ച സോണി എറിക്സനും നോകിയയും ഭാവിയെ കാണുന്നത് ഭീതിയോടെയാണ്. തൊഴിലാളികളെ വെട്ടിക്കുറച്ച്, ലാഭകരമല്ലാത്ത വാണിജ്യ കേന്ദ്രങ്ങള്‍ അടച്ച് സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ല. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനായി മികച്ച സെറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും പുറത്തിറക്കുന്നുണ്ടെങ്കിലും വിപണിയില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയുന്നില്ല.
സെല്‍ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത് നില്ക്കുന്ന സോണി എറിക്സന് കഴിഞ്ഞ രണ്ട് മാസമായി ഭീമമായ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ സോണി എറിക്സന് പ്രതീക്ഷിച്ചിരുന്നതിന്റെ നേര് പകുതിയാണ് വില്പന നടത്താന്‍ കഴിഞ്ഞത്. മൊബൈല്‍ കമ്പനികളുടെ ഓഹരികളും വന്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ പ്രകാരം സോണി എറിക്സന് 8.7 ശതമാനം താഴ്ന്നപ്പോള്‍ നോകിയ 5.5 ശതമാനവും നഷ്ടം നേരിട്ടു.
മൊബൈല്‍ വിപണിയില്‍ നിക്ഷേപം നടത്താന്‍ ബിസിനസുകാര്‍ തയാറാകുന്നില്ല. ഇത്തരമൊരു ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടിരിക്കുന്നത് സോണി എറിക്സന് ആണെന്ന് സാമ്പത്തിക വിദഗ്ധന്‍ ജറി ഹൊങ്കോ പറഞ്ഞു. ഏറ്റവും പ്രയാസകാരമായ ഒരു കാലഘട്ടമാണ് സെല്‍ഫോണ്‍ വിപണി നേരിട്ടുക്കൊണ്ടിരിക്കുന്നത്.