സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ സിബ്ബ് അഴിച്ചു!

Gideon Sundback
ചെന്നൈ| WEBDUNIA|
PRD
PRO
നിത്യജീവിതത്തില്‍ മറ്റൊന്നും ആലോചിക്കാതെ നമ്മള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ് സിബ്ബ് അഴിക്കലും സിബ്ബ് അടയ്ക്കലും. ബാഗാവട്ടെ, പാന്റ്സാകട്ടെ, ജെര്‍ക്കിനാവട്ടെ, സിബ്ബ് ഇല്ലെങ്കില്‍ നിലനില്‍‌പ്പില്ല എന്ന കാര്യം നമ്മളാരും സിബ്ബ് അഴിക്കുകയും ഇടുകയും ചെയ്യുമ്പോള്‍ ചിന്തിക്കാറില്ല എന്നതാണ് സത്യം. സ്വീഡിഷ് - അമേരിക്കന്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ഗിഡിയന്‍ സന്‍‌ഡ്‌ബാക്കാണ് ഈ സിബ്ബെന്ന സൂത്രം കണ്ടുപിടിച്ചത്. സന്‍‌ഡ്‌ബാക്കിന്റെ 132-മത്തെ ജന്മദിനത്തില്‍ തങ്ങളുടെ ലോഗോയെ സിബ്ബ് അഴിച്ചുകൊണ്ട് രണ്ടാക്കി ഗൂഗിള്‍ ഓര്‍മിച്ച സംഗതിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്.

സ്വീഡനിലാണ് സന്‍‌ഡ്‌ബാക്ക് ജനിച്ചത് (1880). കുടുംബം ജര്‍മനിയിലേക്ക് കുടിയേറിയതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം ജര്‍മനിയിലാണ് കക്ഷി പൂര്‍ത്തിയാക്കിയത്. പോളിടെക്നിക്ക് വിദ്യാഭ്യാസവുമായി അമേരിക്കയിലേക്ക് കുടിയേറിയ സന്‍ഡ്‌ബാക്കിന് യൂണിവേഴ്സല്‍ ഫാസ്റ്റനര്‍ കമ്പനിയില്‍ ജോലി കിട്ടി. 1914-ലാണ് സന്‍‌ഡ്‌ബാക്ക് സിബ്ബിന്റെ ആദിമരൂപമായ ‘ഹുക്ക്‌ലസ്’ വികസിപ്പിച്ചെടുത്തത്. 1917-ല്‍ ഇതിന് പേറ്റന്റ് ലഭിക്കുകയും ചെയ്തു. ‘സപ്പരബിള്‍ ഫാസ്റ്റ്‌നര്‍’ എന്ന പേരിലാണ് സിബ്ബിന്റെ ആദിമരൂപം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സന്‍‌ഡ്‌ബാക്കാണ് സിബ്ബ് കണ്ടുപിടിച്ചതെങ്കിലും സംഗതിക്ക് ‘സിബ്ബ്’ (സിപ്പര്‍) എന്ന് പേരിട്ടത്. ബി‌എഫ് ഗുഡ്‌റിച്ച് എന്ന ബൂട്ട് നിര്‍മ്മാതാവാണ്. ആദ്യകാലഘട്ടങ്ങളില്‍ ബൂട്ടിനും പുകയിലപ്പൊതികള്‍ക്കും മാത്രമാണ് സിബ്ബ് ഇട്ടുകൊടുത്തിരുന്നത്. പതിയെപ്പതിയെ ഫാഷന്‍ ഇന്‍‌ഡസ്ട്രിയെ സിബ്ബ് കീഴടക്കിയത് തുടര്‍ന്നുള്ള ചരിത്രം. രണ്ടാം ലോകമഹായുദ്ധ കാലം എത്തിയതോടെ സകല സാധനങ്ങള്‍ക്കും സിബ്ബ് ഇട്ടുകൊടുക്കാന്‍ തുടങ്ങി.

ബാഗും ജീന്‍‌സും എന്നുവേണ്ട സകലതിനും സിബ്ബ് ഇട്ടുകൊടുക്കാന്‍ ഉപകരിക്കുന്ന ഒരു മെഷീനും കണ്ടുപിടിച്ച സന്‍‌ഡ്ബാക്ക് എഴുപത്തിനാലാമത്തെ വയസില്‍ 1954-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു. സന്‍‌ഡ്‌ബാക്കിന്റെ ജന്മദിനമാണ് ഏപ്രില്‍ 24.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ അവരുടെ ഹോം‌പേജ് ചരിത്രപരമായ സംഭവങ്ങളെയും വ്യക്തികളെയും ഓര്‍മിക്കുന്നതിനായി ഏറെക്കാലമായി ഉപയോഗിച്ച് വരുന്നുണ്ട്. മഹാത്മാഗാന്ധിയും ചാര്‍ളി ചാപ്ലിനും അകിരോ കുറസോവയും ഇങ്ങനെ ഗൂഗിള്‍ ഡൂഡിലില്‍ ഓര്‍മിക്കപ്പെടുകയുണ്ടായി. ഗൂഗിളില്‍ ഒരു പുതിയ ഡൂഡില്‍ പ്രത്യക്ഷപ്പെടുക എന്നുവച്ചാല്‍ ചരിത്രം ഓര്‍മിക്കപ്പെടുകയാണെന്ന് സാരം.

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്ക് കുറുകെ സിബ്ബിടുകയും ക്ലിക്ക് ചെയ്യുമ്പോള്‍ ലോഗോ നടുവെ മുറിഞ്ഞ് സിബ്ബ് തുറക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ സിബ്ബിനെ പറ്റി ഓര്‍മ്മിക്കുന്നു, സിബ്ബിന്റെ ഉപജ്ഞാതാവായ സന്‍ഡ്‌ബാക്കിനെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :