പെട്ടെന്നു വളരുന്ന ഇന്ത്യന്‍ വിപണി അന്താരാഷ്ട്ര കമ്പനികളെ ഒന്നാകെ ആകര്‍ഷിക്കുകയാണ്. വൊഡാഫോണിനു പിന്നാലെ ബ്രിട്ടനിലെ വിര്‍ജിന്‍ ഗ്രൂപ്പും ഇന്ത്യയിലെ മൊബൈല്‍ വിപണി തേടിയെത്തുകയാണ്. ഇന്ത്യന്‍ വിപണിയിലേക്കു പ്രവേശിക്കുന്നതിനായി സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് വിര്‍ജിന്‍.
ഏറെ താമസിയാതെ തന്നെ ഇന്ത്യന്‍ വിപണിയിലെ വിവിധ മേഖലയിലേക്ക് വിര്‍ജിന്‍ പ്രവേശിക്കുമെന്ന് പറയുന്ന കമ്പനി ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ടെന്നും വ്യക്തമാക്കുന്നു.
ഇന്ത്യന്‍ മൊബയില്‍ വിപണി ചൈനയ്‌ക്കു പിന്നില്‍ രണ്ടാമത്തേതാണ്. ആറു മുതല്‍ എട്ടു ദശലക്ഷം ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ട്. മാസം തോറും ഇന്ത്യയുടെ മൊബൈല്‍ വിപണി ഒന്നിനൊന്ന് വ്യാപിക്കുകയാണ്.
ഇതിനു പുറമേ ഇന്ത്യന്‍ കോമിക്‍സ് ബിസിനസ്സിലേക്കു പ്രവേശിക്കാനും ആനിമേഷന്‍ സിനിമകള്‍ നിര്‍മ്മിക്കാനും വിര്‍ജിന്‍ ബുക്‍സ് ലിമിറ്റഡിനു പദ്ധതിയുണ്ട്. ഈ രംഗത്ത് മിടുക്കന്‍മാരായ ആനിമേറ്റര്‍മാരെയും ഡിസൈനര്‍മാരെയും വീര്‍ജിന്‍ തെരയുകയാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സംവിധായകന്‍ ശേഖര്‍ കപൂറും ദീപക് ചോപ്രയും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും.
അന്താരാഷ്ട്ര രംഗത്തു പ്രസിദ്ധരായവരെ നായകന്‍മാരാക്കി വിര്‍ജിന്‍ കോമിക്‍സ് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ജോന്‍ വൂ, ഗയ് റിച്ചി, ടെറി ഗിലിയം, ഡെവ് സ്റ്റിവാര്‍ഡ്, എഡ് ബേണ്‍സ്, നിക്കോളാസ് കേജ്, ഡുറാന്‍ ഡുറാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ കോമിക്‍സിനായി തെരഞ്ഞെടുത്തിരിക്കുന്ന വീര നായകന്‍മാരില്‍ ചിലരാണ്.
ഇന്ത്യന്‍ ആഭ്യന്തര വിമാന വിപണിയിലേക്കും വിര്‍ജിന്‍ കണ്ണു വയ്‌ക്കുന്നുണ്ട്. 2009 മുതല്‍ ഇന്ത്യയില്‍ വിര്‍ജിന്‍റേതായ വിമാനം ഓടിച്ചു തുടങ്ങാമെന്നാണ് വിര്‍ജിന്‍ പ്രതീക്ഷിക്കുന്നത്. എയര്‍ബസ്-380 ആണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ഡല്‍ഹി മുംബൈ വിമാനത്താവളത്തിന്‍റെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരും.