ലോകകപ്പില്‍ സൈബര്‍ ക്രിമിനലുകളുടെ ആനമയിലൊട്ടകം!

ചെന്നൈ| WEBDUNIA|
PRO
PRO
പൂരക്കാലത്ത് ആനമയിലൊട്ടകം ഉപജീവനമായ ആണ്ടിമുത്തുവിന് വെറുതെയിരിക്കാന്‍ പറ്റാത്ത പോലെ, ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയാകെ പിടിമുറുക്കുമ്പോള്‍ സൈബര്‍ ലോകത്തെ ആണ്ടിമുത്തുമാര്‍ക്കും വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല. ക്രിക്കറ്റ് ഭ്രന്തന്‍മാരായ നെറ്റിസണ്‍‌മാരെ ലക്‍ഷ്യം വെച്ച് ഹാക്കര്‍മാര്‍ സജീവമായിക്കഴിഞ്ഞു. പലതരം ഓഫറുകള്‍ നല്‍കിക്കൊണ്ട് പാവപ്പെട്ട ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കുകയാണ് സൈബര്‍ ക്രിമിനലുകള്‍ ചെയ്യുന്നത്. ഫൈനല്‍ മത്സരം കാണാനുള്ള ടിക്കറ്റ് മുതല്‍ ധോണിക്കൊപ്പമുള്ള ഡിന്നര്‍ വരെ വാഗ്ദാനങ്ങളില്‍ നിറയുന്നു. ആര്‍ക്കും വെക്കാം, എപ്പോഴും വെക്കാം, എങ്ങനെയും വെക്കാം!

മുംബൈയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഉയര്‍ന്ന ക്ലാസ് ടിക്കറ്റും എക്സിക്യൂട്ടീവ് ക്ലബ് സൊകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഓഫറുകളില്‍ ഒന്ന്. നിഷ്കളങ്കരും ഇന്‍റര്‍നെറ്റിനെ ചതിക്കുഴികളെ കുറിച്ച് യാതൊന്നുമറിയാത്തവരുമായ ക്രിക്കറ്റ് പ്രേമികള്‍ തങ്ങളുടെ സകലമാന വിവരങ്ങളും നല്‍കിക്കൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നു. പിന്നീട് ബാങ്ക് അക്കൌണ്ട് കാലിയായ വിവരം അറിയുമ്പോള്‍ അന്തം വിടുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പണം നഷ്ടപ്പെട്ട പലരും തങ്ങളുടെ ദുരനുഭവം ഒരു ഗുണപാഠ കഥയായി പ്രചരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ മിണ്ടാതിരിക്കുകയാണ്. കൂടുതല്‍ പേര്‍ ചതിയില്‍ കുടുങ്ങുന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് അവര്‍ ആശ്വാസം കൊള്ളുന്നു.

കഴിഞ്ഞ വര്‍ഷം പകുതിയോടെ തന്നെ സൈബര്‍ ക്രിമിനലുകള്‍ തങ്ങളുടെ വേല തുടങ്ങിയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ രൂപത്തിലും മറ്റുമാണ് ഇവര്‍ ക്രിക്കറ്റ് പ്രേമികളെ സമീപിക്കുന്നത്. വാഗ്ദാനങ്ങള്‍ നിരത്തി വെച്ച പരസ്യപ്പലകകള്‍ സൈബര്‍ ലോകത്തെങ്ങും പ്രചരിപ്പിക്കുകയാണ് ആദ്യ പടി. അതില്‍ കുടുങ്ങുന്നവരോട് സൈന്‍ ഇന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇതിനായി എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കുന്നു. വളരെ താമസിക്കാതെ തന്നെ താന്‍ ചതിക്കപ്പെട്ട വിവരം ക്രിക്കറ്റ് പ്രേമി മൊബൈല്‍ ഫോണ്‍ അലെര്‍ട്ടിലൂടെ അറിയുന്നു.

ആളുകളെ പറ്റിക്കാന്‍ ഇതു കൂടാതെയും നിരവധി മാര്‍ഗ്ഗങ്ങള്‍ സൈബര്‍ ക്രിമിനലുകളുടെ പക്കലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെങ്കില്‍ അത്തരമൊന്നില്‍ നിങ്ങള്‍ക്കും പോയി ചാടി നോക്കാവുന്നതാണ്. പോയാലൊരു തോട്ടി, കിട്ടിയാലൊരാന എന്നാണല്ലോ!

നിയമപരമായ വഴികളിലൂടെ മാത്രം ടിക്കറ്റ് സ്വന്തമാക്കാന്‍ നോക്കുന്നതായിരിക്കും ബുദ്ധി എന്നാണ് സൈബര്‍ പൊലീസ് ഇതെപ്പറ്റി നല്‍കുന്ന വിദഗ്ദ്ധോപദേശം. അതിനുള്ള പണം കയ്യിലില്ലെങ്കില്‍ പണം കൊടുത്തു വാങ്ങിയ ടെലിവിഷനുണ്ടല്ലോ വീട്ടില്‍?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :