യൂ ട്യൂബും സോണിയും ധാരണയില്‍

സാന്‍ഫ്രാന്‍സിസ്കൊ| WEBDUNIA|
ജനപ്രിയ ഓണ്‍ലൈന്‍ വീഡിയോ സൈറ്റായ യു ട്യൂബും സോണി മ്യൂസിക് എന്‍റര്‍റ്റൈന്‍‌മെന്‍റും മ്യൂസിക് വീഡിയോകള്‍ കൈമാറുന്നത് സംബന്ധിച്ച് ധാരണയിലെത്തി. കരാര്‍ പ്രകാരം സോണി മ്യൂസിക് എന്‍റര്‍റ്റൈന്‍‌മെന്‍റ് പുറത്തിറക്കുന്ന എല്ലാ വീഡിയോകളുടെയും പ്രദര്‍ശന അവകാശം യൂ ട്യൂബിന് ലഭിക്കും. ഇത്തരമൊരു കരാര്‍ നിലവില്‍ വരുന്നതോടെ സംഗീതപ്രിയര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട എല്ലാ കലാകാരന്‍‌മാരുടെയും സംഗീതം ശ്രവിക്കാനുള്ള അവസരം ലഭിക്കും.

മ്യൂസിക് നിര്‍മ്മാണ രംഗത്തെ മറ്റൊരു വന്‍‌കിട കമ്പനിയായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പും യൂ ട്യൂബും കഴിഞ്ഞ ഡിസംബറില്‍ ഇത്തരമൊരു കൈമാറ്റ കരാറിന് ശ്രമിച്ചിരുന്നു. എന്നാല്‍ ലൈസന്‍സിംഗ് ഫീ സംബന്ധിച്ച് ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാകുകയും പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. ഇത്തരമൊരു അവസരത്തിലാണ് മ്യൂസിക് നിര്‍മ്മാണ രംഗത്ത് ലോകത്തിലെ രണ്ടാമത്തെ കമ്പനിയായ സോണി എന്‍റര്‍റ്റൈന്‍‌മെന്‍റ് യൂ ട്യൂബുമായി കരാറിലെത്തുന്നത്.

ജനപ്രിയ വീഡിയോ ശേഖരണ സൈറ്റായ യൂ ട്യൂബിന് തങ്ങളുടെ കമ്പനി വന്‍ വിലയാണ് കല്‍‌പ്പിക്കുന്നതെന്നും യൂ ട്യൂബിലെ അംഗങ്ങളില്‍ നല്ലൊരു ശതമാനവും സോണി മ്യൂസിക് ആരാധകരാണെന്നും സോണിമ്യൂസിക് കമ്പനി വക്താവ് പറഞ്ഞു. ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബില്‍ ഡിസംബറിലെ കണക്കുകള്‍ പ്രകാരം 100 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :