യാഹൂവിന് 303 മില്യണ്‍ ഡോളര്‍ നഷ്ടം

ന്യൂയോര്‍ക്ക്| WEBDUNIA|
ഇന്‍റര്‍നെറ്റ് ഭീമനായ യാഹൂവിന്‍റെ അറ്റാദായത്തില്‍ 303 മില്യണ്‍ ഡോളറിന്‍റെ നഷ്ടം. 2008 സാമ്പത്തിക വര്‍ഷത്തിന്‍റെ ഡിസംബര്‍ 31ന് അവസാനിച്ച നലാം പാദത്തിലാണ് യാഹൂവിന് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.

424 മില്യണ്‍ ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാഹൂവിന്‍റെ മൊത്തം നഷ്ടം. എന്നാല്‍ തൊട്ട് മുന്‍‌വര്‍ഷം നഷ്ടം 660 മില്യണ്‍ ഡോളറായിരുന്നു. കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

1500 ജീവനക്കാരെ പിരിച്ചുവിട്ടതും വന്‍‌തോതിലുള്ള പരസ്യ ചെലവുകളുമാണ് വരുമാനത്തെ ബാധിച്ചതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് കമ്പനി 1500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ പ്രവര്‍ത്തന ഫലങ്ങള്‍ ഭയപ്പെട്ടതിനേക്കാള്‍ മെച്ചമായിരുന്നെന്നും ഇത് തങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതായും യാഹൂവിന്‍റെ സാമ്പത്തികകാര്യ ഓഫീസര്‍ ബ്ലെയ്ക് ജോര്‍ജെന്‍സന്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1.53 ബില്യണ്‍ ഡോളര്‍ മുതല്‍ 1.73 ബില്യണ്‍ ഡോളര്‍ വരെയാണ് കമ്പനി വരുമാനം പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :