ഫേസ്ബുക്ക് പണിമുടക്കി

ലോസ്‌ഏഞ്ചല്‍‌സ്| WEBDUNIA| Last Modified ഞായര്‍, 21 ഫെബ്രുവരി 2010 (15:25 IST)
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റ് ഫേസ്ബുക്ക് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂറോപ്പിലും മറ്റു ചില രാജ്യങ്ങളിലുമാണ് ഫേസ്ബുക്ക് സര്‍വറുകള്‍ പണിമുടക്കിയത്. സര്‍വറുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചില്ലെന്ന് ഉപയോക്താക്കള്‍ അറിയിച്ചു.

ബ്രിട്ടന്‍, അമേരിക്ക, തായ്‌ലാന്‍ഡ്, മെക്സികോ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയാണ് ഫേസ്ബുക്ക് സര്‍വറുകള്‍ പണിമുടക്കിയത്. ഇതേത്തുടര്‍ന്ന് പേജുകള്‍ ലോഡ് ചെയ്യാനും ഉള്ളടക്കങ്ങള്‍ പെട്ടെന്ന് ഡിസ്പ്ലേയാകാനും ഏറെ സമയമെടുത്തിരുന്നു. അമേരിക്കന്‍ സമയം രാത്രി പതിനൊന്ന് മണിക്കാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഫേസ്ബുക്ക് പ്രശ്നങ്ങളെ കുറിച്ച് ട്വിറ്ററില്‍ പരാതികളുടെ ഒഴുക്കായിരുന്നു.

ഒറ്റപ്പെട്ട സര്‍വറുകളുടെ പ്രശ്നം കാരണം പലര്‍ക്കും സുഹൃത്തുക്കളുടെ പ്രൊഫൈലുകളും ചിത്രങ്ങളും കാണാന്‍ കഴിയാതെ ബുദ്ധിമുട്ടി. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന് ആഗോളതലത്തില്‍ മൊത്തം 400 ദശലക്ഷം അംഗങ്ങളുണ്ട്. അതേസമയം, സര്‍വറുകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഫേസ്ബുക്ക് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :