ന്യൂട്ടന്‍റെ ആപ്പിളിന് പുനര്‍ജന്മം

കാലിഫോര്‍ണിയ| WEBDUNIA| Last Modified ചൊവ്വ, 5 ജനുവരി 2010 (12:09 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐസക് ന്യൂട്ടന്‍റെ തലയില്‍ വീണ ആപ്പിളിന് പുനര്‍ജന്മം. ഐസക് ന്യൂട്ടന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി നാലിനാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ സെര്‍ച്ച് എഞ്ചിന്‍ ലോഗോ ആപ്പിള്‍ മരമായി മാറിയത്. ആനിമേഷനിലൂടെ രൂപകല്‍പ്പന ചെയ്ത ലോഗോ, മരത്തില്‍ നിന്ന് ആപ്പിള്‍ താഴേക്ക് വീഴുന്ന രീതിയിലായിരുന്നു. ന്യൂട്ടന്‍റെ പ്രസിദ്ധമായ ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തം വിശദീകരിക്കാന്‍ വേണ്ടിയാണ് ലളിതമായ രീതിയില്‍ ലോഗോ രൂപകല്‍പ്പന ചെയ്തത്.

സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അതിനാല്‍ തന്നെ പുതിയ സാങ്കേതികതയും രൂപകല്പനയുമായി വിവിധ സെര്‍ച്ച് എഞ്ചിനുകള്‍ സജീവമാകുകയാണ്. നേരത്തെ തന്നെ നിരവധി ലോഗോകള്‍ പുറത്തിറങ്ങിയിരുന്നു എങ്കിലും ആനിമേഷന്‍ ലോഗോ ഇത് ആദ്യമായാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്. പുതുവത്സര ദിനത്തിലും ഹാപ്പി ന്യൂ ഇയര്‍ ലോഗോ ഇറക്കിയിരുന്നു.

ഐസക് ന്യൂട്ടന്‍ 1642 ഡിസംബര്‍ 25നാണ് ജനിച്ചത്. എന്നാല്‍ ജോര്‍ജിയന്‍ കലണ്ടന്‍ ഇംഗ്ലീഷുകാര്‍ മാറ്റിമറിച്ചതോടെ ജന്മദിനം 1643 ജനുവരി നാലായി മാറി. 1727 മാര്‍ച്ച് 31നാണ് അദ്ദേഹം മരണമടഞ്ഞത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മാഹാത്‌മാ ഗാന്ധിയെ സ്മരിക്കാന്‍ ഗൂഗിള്‍ പ്രത്യേക ലോഗോ പുറത്തിറക്കിയിരുന്നു.

മൈക്കല്‍ ജാക്സണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ലിയാനാര്‍ഡോ ഡാവിഞ്ചി എന്നിവരും ഗൂഗിള്‍ ലോഗോയില്‍ സ്ഥാനം ലഭിച്ചവരാണ്. 1969ല്‍ അപ്പോളോ 11 ചന്ദ്രനില്‍ കാലുകുത്തിയതിന്‍റെ നാല്‍‌പതാം വാര്‍ഷികം പുതുക്കിയപ്പോഴും ഗൂഗിള്‍ ലോഗോ പുതുക്കിയിരുന്നു. ഡിസൈനര്‍ ഡെന്നിസ് ഹ്വാങ്ങാണ് ഗൂഗിള്‍ ഡൂഡിള്‍ രൂപകല്പന ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :