ടി വിക്ക് ടാറ്റ...ഇനി യൂട്യൂബിന്‍റെ കാലം?

ന്യൂയോര്‍ക്ക്| WEBDUNIA|
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷെയറിംഗ് സൈറ്റ് യൂട്യൂബ് ഓണ്‍ലൈന്‍ മ്യൂസിക് രംഗത്ത് ചരിത്രം കുറിയ്ക്കുകയാണ്. പ്രമുഖ മ്യൂസിക് ചാനലുകളെയൊക്കെ വഴിക്ക് വിട്ട പ്രേക്ഷകര്‍ ഇപ്പോള്‍ യൂട്യൂബിന് പിറകെയാണ്. 57 ശതമാനം പ്രേക്ഷരെ നേടി യൂട്യൂബ് പോരാട്ടം തുടരുമ്പോള്‍ തൊട്ടു പിറകെ മത്സരിക്കാന്‍ എം ടി വി മാത്രമാണ് രംഗത്തുള്ളത്. എം ടി വിക്ക് 56 ശതമാനം പ്രേക്ഷരാണുള്ളത്.

യൂട്യൂബിന്‍റെ സംഗീത പ്രിയരില്‍ അധികവും 15 മുതല്‍ 24 വയസ്സിന് ഇടയിലുള്ളവരാണ്. പ്രേക്ഷന് ഇഷ്ടപ്പെട്ട എല്ലാതരം സംഗീതങ്ങളും ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് യൂട്യൂബിനെ പ്രിയമാ‍ക്കുന്നത്. ടി വി ചാനലുകളില്‍ ചിലരുടെ ഇഷ്ടത്തിനും പ്രേരണയ്ക്കും മുന്‍‌തുക്കം നല്‍കിയാണ് മ്യൂസികുകള്‍ പ്രക്ഷേപണം ചെയ്യുന്നത്. അതേസമയം, മുതിര്‍ന്നവരില്‍ അധികവും മ്യൂസിക് തേടിയാണ് യൂട്യൂബിലെത്തുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇതിനു പുറമെ യൂട്യൂബില്‍ വരുന്ന പുതിയ മ്യൂസിക് വാങ്ങുന്നവരും കുറവല്ല.

ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ടീമാണ് 1500 പേരെ ഉള്‍പ്പെടുത്തി ഇത്തരമൊരു സര്‍വേ നടത്തിയത്. യൂട്യൂബ് മ്യൂസിക് പ്രണയം ഏറ്റവും അധികം പ്രചരിക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയിലാണ്. 69 ശതമാനം വിദ്യാര്‍ഥികള്‍ യൂട്യൂബ് മ്യൂസിക് വീഡിയോകളുടെ ഉപയോക്താക്കളാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. നിലവില്‍ കുട്ടികളും കുറഞ്ഞൊരു വിഭാഗം കുടുംബാംഗങ്ങളുമാണ് ടെലിവിഷനില്‍ സംഗീതം ആസ്വദിക്കുന്നത്.

ടെവിഷന്‍ ചാനലുകള്‍ ചിത്രങ്ങള്‍ക്ക് വ്യക്തത നല്‍കുന്നുണ്ടെങ്കിലും ഉപയോക്താവിന്‍റെ ഇഷ്ടാനുസരണം കണ്ട വീഡിയോ ഒരിക്കല്‍ കൂടി കാണാനോ, പ്രത്ര്യേക മ്യൂസിക് തെരഞ്ഞെടുക്കാനോ പലപ്പോഴും അവസരം നല്‍കുന്നില്ല. എന്നാല്‍, ഇതിനെല്ലാം അവസരം ലഭ്യമായതിനാലാണ് യൂട്യൂബിന് പ്രേക്ഷകര്‍ വര്‍ധിച്ചതെന്നാണ് സര്‍വേ മേധാവി ബ്രാമ്‌ലി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :