നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങണമെങ്കില്‍ അയ്യായിരം രൂപയിലധികം ചെലവഴിക്കണം. എന്നാല്‍ എല്ലോക ടെക്ക്‌സൊലൂഷന്‍സിന്റെ ഗ്രെക്കൊ കമ്പ്യൂട്ടറിന്റെ വില വെറും അയ്യായിരം മാത്രം. ജയ്‌പൂരില്‍ നടക്കുന്ന ത്രിദിന ‘കോമണ്‍വെത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി’ മീറ്റിലാണ് ഹൈദരാബാദില്‍ നിന്നുള്ള എല്ലോക ടെക്ക്‌സൊലൂഷന്‍സ് അയ്യായിരം രൂപയുടെ കമ്പ്യൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല മൊബൈല്‍ ഫോണ്‍ വാങ്ങുന്ന പൈസക്ക് ലഭിക്കുന്ന ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 5 വാട്ട്‌സ് വൈദ്യുതി മതിയാകും. ഇടയ്ക്കൊന്ന് കറന്റ് പോയാലും പ്രശ്നമില്ല, കമ്പ്യൂട്ടറില്‍ സോളാര്‍ പാനലുമുണ്ട്.
“അയ്യായിരം രൂപാ വിലയിട്ടിരിക്കുന്ന ഈ കമ്പ്യൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത് ഹരിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ്. 100 ഗ്രാമാണ് ഇതിന്റെ കനം. ഒരു ജിബി സ്പേസും ഇതിലുണ്ട്. വേണമെങ്കില്‍ സ്പേസ് കൂട്ടുകയും ചെയ്യാം. കൂടാതെ വേഡ് പ്രോസസ്സര്‍, സ്പ്രെഡ്‌ഷീറ്റ്, പ്രസന്റേഷന്‍ ടൂള്‍, യൂട്യൂബ്, ഫേസ്‌ബുക്ക്, ഗൂഗിള്‍ ഡോക്ക്‌സ്, ഓഡിയോ - വീഡിയോ പ്ലെയര്‍ എന്നിവയും ഇതിലുണ്ടായിരിക്കും. ഒരു കൈപ്പത്തിയുടെ വലുപ്പമേ ഇതിനുണ്ടാകൂ. ”
“ഈ കമ്പ്യൂട്ടറിനെ എല്‍സിഡി മോണിറ്ററിലേക്കോ എല്‍സിഡി ടിവിയിലേക്കോ ബന്ധിപ്പിച്ചാല്‍ മികച്ച് ഹോം പിസിയായി ഉപയോഗിക്കാം. ഇന്റര്‍നെറ്റ് 3ജി നെറ്റ്‌വര്‍ക്കില്‍ ആസ്വദിക്കാനായി, ഈ കമ്പ്യൂട്ടറിന്റെ ജിപിആര്‍എസ് നെറ്റ്‌വര്‍ക്കുള്ള ഒരു മൊബൈലുമായി ബന്ധിപ്പിച്ചാല്‍ മതിയാകും. നെറ്റ് സൌകര്യം ഇല്ലാത്ത ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടുന്ന ഒന്നാണ് ഗ്രെക്കോ കമ്പ്യൂട്ടര്‍” - എല്ലോക ടെക്ക്‌സൊലൂഷന്‍സിന്റെ ബിസിനസ് മാനേജര്‍ വി ദിവാകര്‍ പറയുന്നു.
സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിലയില്‍ ഒരു കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്ത് പുറത്തിറക്കാനായി കേന്ദ്രസര്‍ക്കാര്‍ 2008 മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് ഡോളറിനും മുപ്പത്തിയഞ്ച് ഡോളറിനും കമ്പ്യൂട്ടര്‍ എന്നൊക്കെ പരസ്യവാചകം വന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഈ സാഹചര്യത്തിലാണ് അയ്യായിരം രൂപയുടെ കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്ത് വിജയകരമായി വിറ്റഴിച്ചുകൊണ്ട് എല്ലോക വാര്‍ത്തകളില്‍ നിറയുന്നത് എന്നത് ശ്രദ്ധേയമാണ്.