ഗൂഗിള്‍ വരുമാനത്തില്‍ മുന്നേറ്റം

ന്യൂയോര്‍ക്ക്| WEBDUNIA|
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ വരുമാനത്തില്‍ വര്‍ധന. 2009 വര്‍ഷത്തിലെ നാലാം പാദത്തില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ 17 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ട 2009 വര്‍ഷത്തില്‍ മികച്ച നേട്ടം കൈവരിച്ച ഐ ടി കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. ഓണ്‍ലൈന്‍ പരസ്യ വരുമാനത്തിലുണ്ടായ വര്‍ധനവാണ് മൊത്ത വരുമാനത്തിലും പ്രകടമായിരിക്കുന്നത്.

അമേരിക്കന്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാലാം പാദ കാലയളവില്‍ 6.67 ബില്യന്‍ ഡോളറിന്റെ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനം 5.7 ബില്യന്‍ ഡോളറായിരുന്നു. കമ്പനിയുടെ അറ്റാദായത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം കമ്പനിക്ക് 1.97 ബില്യന്‍ ഡോളരിന്റെ അറ്റാദായ വരുമാനമാണ് നേടാനായത്.

സാങ്കേതിക മേഖലയിലെ ഭൂരിഭാഗം കമ്പനികളും സാമ്പത്തിക മാന്ദ്യത്തില്‍ പിന്നോട്ടു പോയപ്പോള്‍ പിടിച്ചു നിന്നത് ഗൂഗിള്‍ മാത്രമായിരുന്നു. ഗൂഗിള്‍ നിരവധി വെബ്സൈറ്റുകള്‍ ഏറ്റെടുക്കുകയും ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത വര്‍ഷമാണിത്. ആഗോള സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ ഭൂരിഭാഗം ഓഹരികളും ഗൂഗിളിന്റെ കൈവശമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :