ക്ലൌഡ് കമ്പ്യൂട്ടിംഗിലേക്കാണോ ഗൂഗിളിന്റെ കണ്ണ്? അങ്ങനെയാണ് ഐടി വിദഗ്ധരും നിരീക്ഷകരും കരുതുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റയെല്ലാം നെറ്റില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്ന ജിഡ്രൈവ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിളെന്നാണ് പുതിയ വാര്‍ത്ത.
ഡാറ്റയെല്ലാം സൂക്ഷിക്കാനായി ഹാര്‍ഡ് ഡ്രൈവ് ഉപയോഗിക്കുന്നതിന് പകരമായി നെറ്റ് ഉപയോഗിക്കുന്ന സാങ്കേതികതയെ വിളിക്കുന്ന പേരാണ് ക്ലൌഡ് കമ്പ്യൂട്ടിംഗ്. ഉപയോക്താക്കള്‍ക്ക് ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ പ്രയോജനങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ ഗൂഗിള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ജിഡ്രൈവ് വാര്‍ത്ത പരക്കുന്നത്.
‘ഹാര്‍ഡ് ഡ്രൈവുകള്‍ വലിച്ചെറിയുക, ഗൂഗിളിന്റെ ജിഡ്രൈവ് ഉടനെത്തുന്നു’ എന്നാണ് അമേരിക്കയില്‍ നിന്നുള്ള ഒരു സാങ്കേതികവിദ്യാ വെബ്‌സൈറ്റ് പറയുന്നത്. ഇന്റര്‍നെറ്റ് ബന്ധമുള്ള എന്തുതരം ഉപകരണത്തില്‍ നിന്നും ജിഡ്രൈവില്‍ പ്രവേശിക്കുകയും ആവശ്യമുള്ള ഡാറ്റ ഉപയോഗിക്കുകയും ചെയ്യാമെന്ന് ഈ സൈറ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.
എന്നാല്‍ ഗൂഗിളിന്റെ ഉടമസ്ഥാവകാശത്തിലുള്ള ജിഡ്രൈവ് സെര്‍വറുകളില്‍ സ്വകാര്യ ഡാറ്റ സൂക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന് പല ഐടി വിദഗ്ധരും സൂചിപ്പിക്കുന്നു. സ്വന്തം കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡ്രൈവ് തന്നെയാണ് ഏറ്റവും സുരക്ഷിതമായ ഇടമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.