ഐടി: പിരിച്ചുവിടല്‍ തുടരുന്നു

മുംബൈ| WEBDUNIA|
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യയിലെ ഐ ടി, ബി പി ഒ വ്യവസായങ്ങള്‍ക്കുണ്ടായ തിരിച്ചടി കാരണം ഈ മേഖലയിലെ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന പ്രവണത തുടരുന്നു. പ്രമുഖ ബി പി ഒ സ്ഥാപനമായ ഹെക്സാവെയര്‍ ടെക്നോളജീസാണ് ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കാന്‍ ഏറ്റവുമൊടുവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തില്‍ 4.5 ശതമാനം കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ അടുത്ത രണ്ട് പാദങ്ങളില്‍ പുതിയ ജീവനക്കാരെ എടുക്കേണ്ടെന്നും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ കമ്പനിക്ക് 6,598 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 6,300 ആയി കുറഞ്ഞിരിക്കുകയാണ്. ഇതില്‍ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചന.

തങ്ങളുടെ ഉത്പാദന ശേഷി പൂര്‍ണമായും പ്രയോജനപ്പെടുത്തുക എന്ന ലക്‌ഷ്യത്തോടെയാണ് ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ജീവനക്കരുടെ എണ്ണം കുറയുന്നത് കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ സഹായിക്കുമെന്നാണ് ഹെക്സാവെയര്‍ അധികൃതരുടെ പ്രതീക്ഷ.

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം മറികടക്കാന്‍ ഐടി, ബിപി‌ഒ മേഖലയിലെ സ്ഥാപനങ്ങള്‍ ജീവനക്കരുടെ എണ്ണം കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഹെക്സാവെയറിന്‍റെ നീക്കവും വിലയിരുത്തപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :