ആപ്പിള്‍ വച്ച കഞ്ഞിയില്‍ ഗൂഗിളിന്‍റെ മണ്ണ്

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA|
PRO
ഗൂഗിളും ആപ്പിളും തമ്മിലുള്ള അങ്ങാടിമത്സരം പ്രസിദ്ധീകരണ രംഗത്തേക്കും വ്യാപിക്കുന്നു. പത്രങ്ങളുടെയും മാസികകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ പ്രസാധകരെ സഹായിക്കുന്ന സേവനം ആപ്പിള്‍ തുടങ്ങിയെന്ന് അറിഞ്ഞ മാത്രയില്‍ സമാനമായ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. വരുമാനത്തിന്റെ എഴുപത് ശതമാനം പ്രസിദ്ധീകരണ കമ്പനികള്‍ക്ക് നല്‍കുമെന്നാണ് ആപ്പിളിന്റെ വാഗ്ദാനമെങ്കില്‍ 90 ശതമാനവും തരാമെന്നാണ് ഗൂഗിളിന്‍റെ വാ‍ഗ്ദാനം.

പത്രങ്ങളുടെയും മാസികകളുടെയും ലോകത്തേക്ക് കടന്നുകയറാന്‍ താല്‍പ്പര്യമുണ്ടെന്ന് ബുധനാഴ്ച ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഗൂഗിള്‍ അറിയിച്ചത്. ‘വണ്‍ പാസ്’ എന്ന പുതിയ അപ്ലിക്കേഷനാണ് ഗൂഗിള്‍ കൊണ്ടു വന്നിരിക്കുന്നത്. പത്രം വെബ്സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍‍, ടാബ്‌ലറ്റ് പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ആളുകള്‍ക്ക് ഡിജിറ്റല്‍ കണ്ടന്റ് ആസ്വദിക്കാം. വിവിധ രീതികളില്‍ ഉപയോക്താക്കളില്‍ നിന്ന് പണമൊടുക്കാന്‍ വണ്‍ പാസ് സൌകര്യമൊരുക്കുന്നുമുണ്ട്. സബ്സ്ക്രിപ്ഷ്ന് പണമടക്കേണ്ടത് ഗൂഗിള്‍ ചെക്കൌട്ടിലൂടെയാണ്. മൊത്തം കണ്ടന്റോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു ഇനമോ ഗൂഗിള്‍ ചെക്കൌട്ട് വഴി പണമടച്ച് ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം.

ആപ്പിളിന്റെ ഡിജിറ്റല്‍ കണ്ടന്റ് സബ്സ്ക്രിപ്ഷന്‍ പ്ലാന്‍ ലഭിക്കുക ഐപാഡിലൂടെയും ഐഫോണിലൂടെയുമാണ്. ഈ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം ആപ്പിള്‍ പുറത്തുവിട്ടത്. ഡിജിറ്റല്‍ കണ്ടന്റ് ആസ്വദിക്കാന്‍ ഐട്യൂണ്‍സ് ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ഐപാഡിലേക്കും ഐഫോണിലേക്കും ഒരു ആപ്ലിക്കേഷന്‍ ഡൌണ്‍‌ലോഡ് ചെയ്യുകയേ വേണ്ടൂ. സബ്സ്ക്രിപ്ഷന്‍ എടുക്കുമ്പോള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എത്രത്തോളം ആപ്ലിക്കേഷനിലൂടെ കൈമാറാമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും ആപ്പിള്‍ പറഞ്ഞിരുന്നു.

ആപ്പിളിന്റെ ഡിജിറ്റല്‍ കണ്ടന്റ് നയത്തില്‍ രണ്ട് ‘ലൂപ്പ് ഹോളുകള്‍’ ഉണ്ടെന്ന് ഡിജിറ്റല്‍ കണ്ടന്റ് വിദഗ്ധര്‍ കരുതുന്നു. ഒന്ന് പ്രസാധകര്‍ക്ക് കിട്ടുന്ന വരുമാന വിഹിതം. മറ്റൊന്ന് സ്വകാര്യ വിവരങ്ങള്‍ നിര്‍ബന്ധമാക്കാത്തത്. ഇതില്‍ ആദ്യത്തെ ലൂപ്പ് ഹോളിലാണ് ഗൂഗിള്‍ കയറിപ്പിടിച്ച് ആപ്പിള്‍ വച്ച കഞ്ഞിയില്‍ മണ്ണിട്ടത്. വരിക്കാരുടെ സ്വകാര്യ വിവരങ്ങളാണ് പ്രസാധകരുടെ ശക്തി. അതുപയോഗിച്ചാണ് പ്രസാധകര്‍ പരസ്യം പിടിക്കുക. സ്വകാര്യവിവരങ്ങള്‍ നല്‍കാനുള്ള തീരുമാനം ഉപയോക്താക്കള്‍ക്ക് നല്‍കുക വഴി പ്രസാധകരെ ആപ്പിള്‍ അകറ്റുമെന്നതാണ് രണ്ടാമത്തെ ലൂപ്പ് ഹോള്‍. ഇതും ഗൂഗിള്‍ മുതലെടുക്കുമോ എന്ന് വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :