മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, വാട്ട്‌സാപ്പ് ചാനലുമായി ഒട്ടേറെ പ്രമുഖര്‍, എന്താണ് വാട്ട്‌സാപ്പിന്റെ ചാനല്‍ ഫീച്ചര്‍, അറിയാം ഇക്കാര്യങ്ങള്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (15:13 IST)

ഒരു ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതില്‍ നിന്നുപരി ബിസിനസ് ആവശ്യങ്ങള്‍ക്കും കമ്പനിയുടെ പ്രമോഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കും എന്തിന് പണം കൈമാറ്റം ചെയ്യാന്‍ പോലും ഇന്ന് വാട്ട്‌സാപ്പ് ഉപയോഗിക്കാം. ഒരേസമയം ഒരുപാട് പേര്‍ക്ക് മെസേജ് അയക്കാനുള്ള ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങളും ഗ്രൂപ്പ് ഫീച്ചറുകളും കമ്പനി മുന്‍പ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പ് ചാനല്‍ ഫീച്ചറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ വാട്ട്‌സാപ്പ് ചാനലുകള്‍ സൃഷ്ടിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമല്ല പ്രശസ്തരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇത്തരത്തില്‍ വാട്ട്‌സാപ്പില്‍ ചാനല്‍സ് തുടങ്ങാം. ചാനലുകളില്‍ ഭാഗമാകുന്നവര്‍ക്ക് അതില്‍ വരുന്ന അപ്‌ഡേറ്റുകള്‍ അറിയാന്‍ സാധിക്കും. എന്നാല്‍ തിരിച്ച് സന്ദേശങ്ങള്‍ അയക്കാനാകില്ല. ഇന്‍സ്റ്റഗ്രാമിലെ ചാനലുകള്‍ പോലെ തന്നെയാണ് വാട്ട്‌സാപ്പിലും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

വാട്ട്‌സാപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ അല്ലെങ്കില്‍ വ്യക്തിക്കോ തന്റെ സബ്‌സ്ക്രൈബര്‍മാരോട് കാര്യങ്ങള്‍ പങ്കുവെയ്ക്കുവാനുള്ള വണ്‍ വേ ബ്രോഡ്കാസ്റ്റിംഗ് ടൂളാണ് വാട്ട്‌സാപ്പ് ചാനല്‍. ടെലഗ്രാം ചാനലുകള്‍ക്കും ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ക്കും സമാനമാണിത്. വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യാനും അതിലൂടെ അപ്‌ഡേറ്റുകള്‍ അറിയാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് തിരികെ സന്ദേശം അയക്കാന്‍ സാധ്യമല്ല. സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യുന്നവര്‍ക്ക് ചാനലിലെ എല്ലാ അപ്‌ഡേറ്റുകളും നോട്ടിഫിക്ക്ഷനായി ലഭിക്കും.

ഒരു ചാനല്‍ ഫോളോ ചെയ്താല്‍ നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പറും അഡ്മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാനാകില്ല. ചാനല്‍ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോണ്‍ നമ്പര്‍ അഡ്മിനും അറിയാന്‍ സാധിക്കില്ല. ചാനലുകളിലെ സന്ദേശങ്ങള്‍ 30 ദിവസമാകും ചാനലില്‍ ലഭ്യമാകുക. അത് കഴിഞ്ഞാല്‍ ഈ സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെടും. വാട്ട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് എന്ന ടാബിലാണ് ചാനലുകള്‍ കാണാന്‍ സാധിക്കുക. ഉപയോക്താക്കള്‍ക്ക് ജോയിന്‍ ചെയ്യാന്‍ ആഗ്രഹമുള്ള ചാനലുകള്‍ സെര്‍ച്ച് ബാറില്‍ തിരെയാനാകും ഫോളോ ചെയ്യുന്ന ചാനലുകളില്‍ നിന്നും പിന്മാറാന്‍ അണ്‍ഫോളോ ഓപ്ഷനും ലഭ്യമാണ്.

തങ്ങളുടെ സിനിമ അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ പ്രേക്ഷകരിലെത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് വാട്ട്‌സാപ്പ് ചാനലുകളുമായി മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തിയത്. ചാനലിന്റെ പേര് സെര്‍ച്ച ചെയ്‌തോ അല്ലെങ്കില്‍ ലഭ്യമായ ലിങ്ക് വഴിയോ ചാനലുകളില്‍ ചേരാനാകും. നിലവില്‍ ബിസിസിഐ,മോഹന്‍ലാല്‍,മമ്മൂട്ടി,കത്രീന കൈഫ്,വിജയ് ദേവരക്കൊണ്ട തുടങ്ങി പലരും ചാനലുകള്‍ തുടങ്ങി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :