നെല്‍വിന്‍ വില്‍സണ്‍|
Last Updated:
ചൊവ്വ, 11 മെയ് 2021 (20:21 IST)
സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് പൂര്‍ണമായി നഷ്ടമാകുമോ? 'ഇല്ല' എന്നാണ് ഉത്തരം. സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഉടനെ നഷ്ടപ്പെടില്ലെന്ന് വാട്‌സ് ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പ്രൈവസി പോളിസി അംഗീകരിക്കാത്തവര്‍ക്ക് ഘട്ടംഘട്ടമായി പണി തരാനാണ് വാട്‌സ് ആപ്പ് ഉദ്ദേശിക്കുന്നത്.
സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് ചില സേവങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ വാട്‌സ് ആപ്പ് പറയുന്നത്. ഓരോ ആഴ്ചയായി വാട്‌സ് ആപ്പിന്റെ സേവനങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും എന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്. വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനും ചാറ്റ് ലിസ്റ്റ് കാണാനും സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് തടസം നേരിടും. മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്‍ അംഗീകരിക്കണമെന്നാണ് വാട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്. അങ്ങനെ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഉടന്‍ മരവിപ്പിക്കില്ലെങ്കിലും വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ തടസങ്ങള്‍ നേരിടും എന്ന് അര്‍ത്ഥം.
സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടിരിക്കും. ഘട്ടംഘട്ടമായി സേവനങ്ങള്‍ പരിമിതപ്പെടുത്തും. ചിലപ്പോള്‍ ചാറ്റ് ലിസ്റ്റ് എടുക്കാന്‍ പറ്റില്ല. ചിലപ്പോള്‍ വോയ്‌സ് കോള്‍ വീഡിയോ കോള്‍ എന്നിവ ചെയ്യാന്‍ സാധിക്കില്ല.