വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 3 നവംബര്‍ 2019 (10:17 IST)
രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നത് രണ്ട് തവണ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു എന്ന് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി മെയ്മാസത്തിൽ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു എന്നും പിന്നീട് സെപ്തംബർ മാസത്തിൽ ഇക്കാര്യം അറിയിച്ച് കത്ത് നൽകി എന്നും വാട്ട്സ് ആപ്പ് വിശദീകരണത്തിൽ പറയുന്നു.
വിവരങ്ങൾ ചോർന്നതായി വട്ട്സ് ആപ്പ് യാതൊരു വിവരവും നൽകിയിരുന്നില്ല എന്നാണ് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. അതേസമയം സെപ്തംബറിൽ വാട്ട്സ് ആപ്പ് അയച്ച കത്ത് ലഭിച്ചതായി ഐടി മന്ത്രാലയം സ്ഥിരീകരിച്ചു എന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു. എന്നാൽ കത്തിലെ വിവരങ്ങൾ അവ്യക്തമായിരുന്നു എന്നും, ആരുടെയെല്ലാം വിവരങ്ങൾ, ആരാണ് ചോർത്തിയത് എന്നതടക്കമുള്ള കര്യങ്ങൾ കത്തിൽ ഉണ്ടായിരുന്നില്ല എന്നുമാണ് മന്ത്രാലയം നൽകുന്ന മറുപടി.
രാജ്യത്ത് വാട്ട്സ് ആപ്പിലുണ്ടായ സുരക്ഷാ വീഴ്ചയുടെ സ്വഭവം വ്യക്തമാക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതോടെയാണ് വാട്ട്സ് ആപ്പ് വിശദീകരണം നൽകിയത്. മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പടെയുള്ള 25 പ്രമുഖരുടെ ഫോൺ വിവരങ്ങളാണ് ഇസ്രായേലി സ്പൈവെയര്‍ ആയ പെഗാസസ് ചോർത്തിയത് എന്ന് വാട്ട്സ് ആപ്പ് വ്യക്തമാക്കി. 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരങ്ങളാണ് പെഗാസസ് ചോർത്തിയത്.