വെബ്‌ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (13:09 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2വിന്റെ ഭാഗമായ വിക്രം ലാൻഡറിനെ ഉടൻ കണ്ടെത്താൻ സാധിക്കും എന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയയ നാസ. നാസയുടെ ലൂണാർ റികണൈസൻസ് ഓർബിറ്റർ
വിക്രം ലാൻഡർ ഇടിച്ചിറങ്ങി എന്ന് കരുതപ്പെടുന്ന പ്രദേശത്തിന്റെ വ്യക്തയാർന്ന ദൃശ്യങ്ങൾ പകർത്തി എന്നാണ്
നാസ വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച നാസയുടെ ലൂണാർ ഓർബിറ്റർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലൂടെ കടന്നുപോയപ്പോഴാണ് പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഈ സമയം പ്രദേശത്ത് തെളിഞ്ഞ പ്രകാശം ഉണ്ടായിരുന്നു. 'വിക്രം ലാൻഡറിനെ കണ്ടെത്തുന്നതിനായി ഗവേഷകർ ശ്രമങ്ങൾ തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിക്രം ലാൻഡറിനെ കണ്ടെത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്' എൽആർഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു.
സെപ്തംബർ 17ന് നാസയുടെ ലൂണർ ഓർബിറ്റർ പ്രദേശത്തുകൂടി കടന്നു പോയിരുന്നു എങ്കിലും ഇരുട്ട് പരന്നിരുന്നതിനാൽ വ്യക്തമായ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല. നവംബർ 10നും ഇതേ ഓർബിറ്റർ ദക്ഷിണ ദ്രുവത്തിലൂടെ കടന്നുപോകും ഈ സമയത്തും തെളിഞ്ഞ പ്രകാശം ഉണ്ടാകും. കൂടുതൽ വ്യക്തമായ ചിത്രങ്ങൾ അപ്പോൾ പകർത്താനാവും എന്നും നോവ പ്രതീക്ഷ പ്രകടിപ്പിച്ചു.