അഭിറാം മനോഹർ|
Last Updated:
വ്യാഴം, 2 ഡിസംബര്‍ 2021 (20:49 IST)
കൊവിഡ് മഹാമാരിക്കാലത്ത് വാഹന-ഇലക്ട്രോണിക്സ് മേഖലയിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം. പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ചിപ്പുകളുടെ വരവ് നിലച്ചതോടെ വാഹനനിർമാണത്തിൽ കാര്യമായ കുറവാണുണ്ടായത്.
ഇപ്പോഴിതാ നിലവിലെ സാഹചര്യത്തിൽ വാഹനങ്ങളുടെ നിര്‍മാണം കുറയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ചിപ്പ് ക്ഷാമത്തിൽ നിന്ന് കരകയറിയെന്ന് നേരത്തെ കമ്പനി അറിയിച്ചെങ്കിലും ഇപ്പോളും പ്രതിസന്ധി തുടരുന്നുവെന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്.
ഡിസംബര്‍ മാസത്തില്‍ വാഹനങ്ങളുടെ നിര്‍മാണം 20 ശതമാനം കുറയുമെന്നാണ് മാരുതി പറയുന്നത്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയ ഫയലിങ്ങിലാണ് മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചത്.വാഹനങ്ങളില്‍ നല്കുന്ന ഇലക്ട്രോണിക് ഫീച്ചറുകള്‍ക്കായാണ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നത്.
ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഒക്ടോബര്‍, സെപ്റ്റംബര്‍ മാസത്തിലും മാരുതിയുടെ വാഹന നിര്‍മാണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ മാസത്തില്‍ 26 ശതമാനം ഇടിഞ്ഞ് 1.34 ലക്ഷവും സെപ്റ്റംബറിൽ 51 ശതമാനം കുറഞ്ഞ് 81,278 യൂണിറ്റുമായിരുന്നു വാഹന നിര്‍മാണം. നിർമാണത്തിൽ ഉണ്ടാകുന്ന കുറവ് വില്പനയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.