അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (20:21 IST)
ഐപിഎല്ലിന് ശേഷം ന്യൂസിലൻഡ് കളിക്കാർക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ന്യൂസിലൻഡ് താരങ്ങളെയും യുകെയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് പ്ലയേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
ഐപിഎല്ലിന് ശെഷം ന്യൂസിലൻഡിലേക്ക് മടങ്ങിയാൽ കളിക്കാർ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കണം. തുടർന്ന് യുകെയിൽ നടക്കുന്ന ലോക ചമ്പ്യൻഷിപ്പിന് മുന്നോടിയായി യുകെയിലും ക്വാറന്റൈൻ വേണ്ടിവരും. ഇത് കളിക്കാരെ ബാധിക്കുമെന്നാണ് ന്യൂസിലൻഡ് പ്ലയേഴ്‌സ് അസോസിയേഷൻ പറയുന്നത്. കെയ്‌ൻ വില്യംസണും ട്രെന്റ് ബോൾട്ടും ജാമിസണും ഉൾപ്പടെ 10 ന്യൂസിലൻഡ് താരങ്ങളാണ് ഐപിഎല്ലിൽ കളിക്കുന്നത്.
അതേസമയം ഇത്രയും നാൾ നാട്ടിൽ നിന്നും വിട്ടുനിൽക്കുന്നതും കളിക്കാരെ ബാധിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. അതേസമയം ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കളിക്കാർ മാനസിക സമ്മർദ്ദം നേരിടുന്നതായി അറിയിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഹീത്ത് മിൽസ് പറഞ്ഞു.