ആരാധകരിൽ നിന്നും രൂക്ഷവിമർശനം റെയ്‌ന ടീം വിട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താ‌വനയിൽ മലക്കം മറിഞ്ഞ് ശ്രീനിവാസൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (12:04 IST)
സുരേഷ് റെയ്‌നക്കെതിരെ നടത്തിയ വിമർശനങ്ങളിൽ മലക്കം മറിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഉടമ എൻ ശ്രീനിവാസൻ. താൻ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി വിവാദമാക്കുകയായിരുന്നുവെന്ന് ശ്രീനിവാസൻ വ്യക്തമാക്കി.

ദുബായില്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ടീം വിട്ട തീരുമാനത്തില്‍ ഖേദിക്കേണ്ടി വരുമെന്നും ലഭ്യമായ സൗകര്യങ്ങളില്‍ തൃപ്തനല്ലെങ്കില്‍ കടിച്ചു തൂങ്ങി നില്‍ക്കരുതെന്നും ശ്രീനിവാസൻ തിരിച്ചടിച്ചു.

വ്യക്തിപരമായ കാരണങ്ങളാൽ സീസണിൽ നിന്നും വിട്ടു‌നിൽക്കുന്നുവെന്നായിരുന്നു റെയ്‌നയുടെ വിശദീകരണം. അതേസമയം, ഐപിഎല്ലിന്റെ ആരംഭം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വിയര്‍പ്പൊഴുക്കിയ റെയ്‌നക്കെതിരെ ശ്രീനിവാസൻ നടത്തിയ പ്രസ്‌താവന ആരാധകരെ രോഷം കൊള്ളിക്കുകയാണ് ചെയ്‌തത്. ഇതോടെയാണ് നിലപാട് മയപ്പെടുത്താൻ ശ്രീനിവാസൻ തയ്യാറായത്. റെയ്‌ന ഇപ്പോൾ കടന്നു പോകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് വേണ്ട സ്വകാര്യത നല്‍കുകയാണ് ചെയ്യേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :