'ഇങ്ങനെ പോയാല്‍ ശരിയാകില്ല'; 'നിലതെറ്റി' മുംബൈ ബാറ്റിങ് നിര, രോഹിത്തിനും അതൃപ്തി

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (11:29 IST)

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ശൈലിയില്‍ അതൃപ്തിയുമായി നായകന്‍ രോഹിത് ശര്‍മ. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുങ്ങേണ്ടിവരുന്നത് മത്സരത്തിന്റെ ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് രോഹിത്തിന്റെ അഭിപ്രായം. ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും രോഹിത് പറയുന്നു.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മുംബൈയുടെ ടീം ടോട്ടല്‍ 137 ല്‍ ഒതുങ്ങി. ആറ് വിക്കറ്റ് ജയം ഡല്‍ഹി സ്വന്തമാക്കുകയും ചെയ്തു. ഈ തോല്‍വിക്ക് പിന്നാലെയാണ് ബാറ്റിങ് നിരയുടെ പ്രകടനത്തില്‍ രോഹിത് ശര്‍മ അതൃപ്തി രേഖപ്പെടുത്തിയത്.

മധ്യ ഓവറുകളില്‍ നന്നായി ബാറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് അതിനു സാധിച്ചില്ലെന്ന് രോഹിത് മത്സരശേഷം പറഞ്ഞു. പവര്‍പ്ലേയില്‍ കിട്ടുന്ന മേധാവിത്വം മധ്യ ഓവറുകളില്‍ തുടരാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണില്‍ മുംബൈയുടെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായി. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ട് കളികളില്‍ തോല്‍വി വഴങ്ങി. നാല് കളികളിലും മുംബൈയാണ് ആദ്യം ബാറ്റ് ചെയ്തത്. ഒരു മത്സരത്തില്‍ പോലും ടീം ടോട്ടല്‍ 160 എത്തിക്കാന്‍ രോഹിത്തിനും സംഘത്തിനു കഴിഞ്ഞിട്ടില്ല. ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 159 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :